കാബൂൾ: അഫ്ഗാനിസ്താന്റെ കിഴക്കൻ പ്രവിശ്യയായ നുറിസ്താനിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ 23 പേർ മരിച്ചു.80 പേർക്ക് പരിക്കേറ്റതായും 100-ലധികം പേരെ കാണാതായതായും അഫ്ഗാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ തകർന്നു വീണ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരമാണ് നുറിസ്താനിൽ കനത്ത മഴക്ക് പിന്നാലെ മിന്നൽപ്രളയം ഉണ്ടായത്. പ്രളയജലം അതിവേഗത്തിൽ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തിയതോടെ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.നുറിസ്താന്റെ പ്രവിശ്യാ തലസ്ഥാനമായ പറൂൺ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങൾ വീടുകൾ നഷ്ടപ്പെട്ടതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ 34 പ്രവിശ്യകളിൽ 10 ഇടങ്ങളിൽ കനത്ത മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ്, മിന്നൽപ്രളയം എന്നിവക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിലും പ്രളയഭീഷണിയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.