ബർലിൻ∙ ജർമനിയിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥി മരിച്ചു. പത്തനംതിട്ട റാന്നി കരികുളം സ്വദേശി അനന്തു മോഹൻ (29) ആണ് മരിച്ചത്. സാക്സണിലെ ഫ്രൈബർഗ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. പരേതനായ മോഹൻ കുമാറിന്റെയും ബിന്ദു മോഹന്റെയും മകനാണ്. സഹോദരി: നവമി. തേവാങ്കര (കുന്നക്കാട്ട്) കുടുംബാംഗമാണ്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ജൂലൈ 23 വ്യാഴാഴ്ച പുലർച്ചെ 1:20-ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. തുടർന്ന്, ആറന്മുളയിലുള്ള തറവാട്ടു വീട്ടുവളപ്പിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സംസ്‌കാരം നടക്കും.
ബർലിനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അനന്തുവിന്റെ സഹപാഠിയും സുഹൃത്തുമായ സൗരഭ് നിഗം, അമ്മാവൻ ആർ.കെ. നായർ എന്നിവർക്കൊപ്പം ലോക കേരളസഭ അംഗം ജോസ് കുമ്പിളുവേലിൽ, വേൾഡ് മലയാളി കൗൺസിൽ (WMC) ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് എന്നിവരാണ് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചത്.
ദാദ്ര നഗർ ഹവേലി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, ബിജെപി പ്രസിഡന്റ് മഹേഷ് അഗരിയ എന്നിവർ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ ഏകോപനങ്ങൾ നടത്തി. കൂടാതെ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരും വിദേശകാര്യ മന്ത്രാലയത്തിലെ മുൻ പി.എസ്. സോഹൻലാൽ ജിയുമായി ചേർന്ന് വിഷയത്തിൽ ഇടപെട്ടിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിച്ച എല്ലാ അധികൃതർക്കും സുഹൃത്തുക്കൾക്കും അനന്തുവിന്റെ കുടുംബം നന്ദി അറിയിച്ചു.