ബർലിൻ ∙ മുൻ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജനിച്ച ഓസ്ട്രിയയിലെ വീട് പൊലീസ് സ്റ്റേഷനാക്കി മാറ്റിയിരിക്കുകയാണ് ഓസ്ട്രിയൻ ഭരണകൂടം. 20 ദശലക്ഷം യൂറോ ചെലവഴിച്ച്, നിശ്ചിത സമയത്തേക്കാൾ മൂന്ന് വർഷം വൈകിയാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഓസ്ട്രിയൻ ആർക്കിടെക്ചർ ഫേമായ ‘മാർട്ടെ’യാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. കെട്ടിടത്തിന്റെ പഴകിയ മഞ്ഞ പെയിന്റ് മാറ്റി വെളുത്ത പെയിന്റ് അടിച്ചതടക്കം പൂർണമായും തിരിച്ചറിയാനാവാത്ത വിധത്തിലാണ് ഇതിനെ നവീകരിച്ചിരിക്കുന്നത്.
∙ ചരിത്ര പശ്ചാത്തലവും തർക്കങ്ങളും:
ജർമൻ അതിർത്തിക്ക് സമീപമുള്ള ബ്രൗണാവു അം ഇൻ നഗരത്തിലെ പതിനേഴാം നൂറ്റാണ്ടിലെ ഈ കെട്ടിടത്തിലാണ് 1889 ഏപ്രിൽ 20-ന് ഹിറ്റ്‌ലർ ജനിക്കുന്നത്. 1912 മുതൽ ഒരു സ്വകാര്യ കുടുംബത്തിന്റെ കയ്യിലായിരുന്ന ഈ വീട്, 1972 മുതൽ ഓസ്ട്രിയൻ സർക്കാർ വാടകയ്‌ക്കെടുത്ത് ഭിന്നശേഷിക്കാർക്കുള്ള കേന്ദ്രമായി ഉപയോഗിക്കുകയായിരുന്നു. പിന്നീട് നവ-നാസികളുടെ സന്ദർശനം കൂടിയതോടെ 2016 ൽ പ്രത്യേക നിയമം നിർമിച്ച് 8,10,000 യൂറോ നൽകി സർക്കാർ കെട്ടിടം പൂർണമായി ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, കെട്ടിടത്തിന്റെ മുൻവശത്തെ നടപ്പാതയിലുള്ള ‘സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഫാസിസം ഇനി ഒരിക്കലുമരുത്; ദശലക്ഷക്കണക്കിന് മൃതദേഹങ്ങൾ മുന്നറിയിപ്പ് നൽകുന്നു’ എന്ന ലിഖിതമടങ്ങിയ സ്മാരകക്കല്ല് നിലനിർത്തിയിട്ടുണ്ട്.
∙ വിമർശനങ്ങളും പ്രതിഷേധങ്ങളും
കെട്ടിടം പൊളിച്ചുനീക്കുന്നത് ചരിത്രം മറച്ചുവെക്കുന്നതിന് തുല്യമാണെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് പൊളിച്ചുനീക്കൽ ഒഴിവാക്കിയത്.
കേവലം പൊലീസ് സ്റ്റേഷനാക്കി മാറ്റിയത് കൊണ്ട് ഹിറ്റ്‌ലറുടെ ജന്മസ്ഥലമെന്ന ചരിത്രസത്യം മാഞ്ഞുപോകില്ലെന്നും, ഇത് നവ-നാസികളുടെ വരവിനെ തടയില്ലെന്നും കോൺസെൻട്രേഷൻ ക്യാപ് അതിജീവിതരുടെ സംഘടനയായ ‘മൗത്തൗസൻ കമ്മിറ്റി’ വിമർശിച്ചു. എന്നാൽ, പൊലീസിന്റെ നിരന്തരമായ സാന്നിധ്യം ഇവിടെയുള്ളതിനാൽ നാസി പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന രീതിയിലുള്ള യാതൊരു പ്രവർത്തനങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് ഓസ്ട്രിയൻ ഭരണകൂടം വ്യക്തമാക്കി.