ലണ്ടൻ∙ പ്രധാനമന്ത്രി ആൻഡി ബേണെത്തിന്റെ പുതിയ മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഡൗണിങ് സ്ട്രീറ്റിൽ നടന്ന അനൗപചാരിക സംഭാഷണത്തിനിടെ തടവുകാരെ നേരത്തെ മോചിപ്പിക്കുന്ന സർക്കാർ പദ്ധതിയെക്കുറിച്ച് നടത്തിയ തമാശാപരമായ പരാമർശം മൈക്രോഫോണിൽ പതിഞ്ഞത് വിവാദമായി.
സംഭവത്തിന്റെ വിഡിയോ ഇന്ന് പുറത്തുവന്നതോടെ ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഖേദം പ്രകടിപ്പിച്ചു. ആരെയും വേദനിപ്പിക്കാനോ വിഷയത്തെ നിസാരമായി കാണിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അതീവ ഗൗരവമുള്ള വിഷയമായതിനാൽ ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വാർത്താ വെബ്സൈറ്റായ ഗൈഡോ ഫോക്സ് പുറത്തുവിട്ട വിഡിയോയിൽ പുതിയ നീതിന്യായ സെക്രട്ടറി അലക്സ് നോറിസ് അടുത്തേക്ക് വരുമ്പോൾ ‘ഇപ്പോൾ ഇയാളാണ് നമ്മുടെ എതിരാളി’ എന്ന് വെസ് സ്ട്രീറ്റിങ് പറയുന്നതും, അതിന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് ‘അല്ല’ എന്ന് മറുപടി പറയുന്നതും കേൾക്കാം. തുടർന്ന് ‘ഇയാൾ എല്ലാവരെയും ജയിലിൽ നിന്ന് പുറത്തുവിടാനാണ് ആഗ്രഹിക്കുന്നത്’ എന്ന് സ്ട്രീറ്റിങ് തമാശയായി പറയുന്നതും വിഡിയോയിൽ വ്യക്തമാണ്.
സർക്കാർ നടപ്പാക്കുന്ന തടവുകാരുടെ നേരത്തെയുള്ള മോചന പദ്ധതിയെ ഉദ്ദേശിച്ചായിരുന്നു ഈ പരാമർശം. വിഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി രംഗത്തെത്തി. പാർട്ടി നേതാവ് കെമി ബാഡനോക് കുറ്റവാളികളെ നേരത്തെ വിട്ടയക്കുന്ന നയത്തെ മന്ത്രിമാർ തമാശയാക്കി മാറ്റുകയാണെന്ന് വിമർശിച്ചു. ഇരകളുടെ ആശങ്കകൾ ഗൗരവമായി കാണുന്ന കൺസർവേറ്റീവുകൾ ഈ നയത്തിനെതിരെ പോരാട്ടം തുടരുമെന്നും അവർ എക്‌സിൽ കുറിച്ചു.
വിവാദം ശക്തമായതോടെ വെസ് സ്ട്രീറ്റിങും ഷബാന മഹ്മൂദും പ്രത്യേകം ഖേദം പ്രകടിപ്പിച്ചു. മുൻ പ്രധാനമന്ത്രി തെരേസ മേയ് ഒരിക്കൽ മുൻ നീതിന്യായ സെക്രട്ടറി കെൻ ക്ലാർക്കിനെക്കുറിച്ച് പറഞ്ഞ രാഷ്ട്രീയ തമാശയെ ഓർമ്മിപ്പിച്ചുള്ള പരാമർശം മാത്രമായിരുന്നുവെന്നും, ദുഷ്ടലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും സ്ട്രീറ്റിങ് വിശദീകരിച്ചു. ‘ഞാനും മുമ്പ് നീതിന്യായ സെക്രട്ടറിയായിരുന്നതിനാൽ ആ പദവിയുടെ വെല്ലുവിളികൾ നന്നായി അറിയാം. അത് സൂചിപ്പിച്ചുള്ള സൗഹൃദപരമായ തമാശ മാത്രമായിരുന്നു. എന്നാൽ ഈ വിഷയം അതീവ ഗൗരവമുള്ളതാണ്. അതിനെ ലഘൂകരിച്ച് കാണുന്നുവെന്ന് ആരും തെറ്റിദ്ധരിക്കരുത്’ എന്നായിരുന്നു ഷബാന മഹ്മൂദിന്റെ പ്രതികരണം.
അതേസമയം സ്ട്രീറ്റിങ് ഖേദം പ്രകടിപ്പിച്ചത് ശരിയായ നടപടിയാണെന്ന് ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ പറഞ്ഞു. പൊതുസുരക്ഷയും ജയിലുകളുടെ പ്രവർത്തനവും സംബന്ധിച്ച വിഷയങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
∙ എന്താണ് നേരത്തേയുള്ള മോചന പദ്ധതി
2024ൽ ലേബർ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടനിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം അപകടകരമായ തോതിൽ വർധിച്ചതിനെ തുടർന്ന് ചില തടവുകാരെ ശിക്ഷാകാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കുന്ന അടിയന്തര പദ്ധതി നടപ്പാക്കി. അന്ന് ജയിലുകളിൽ ഒഴിവിടങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തീർന്നുപോകുമെന്ന മുന്നറിയിപ്പ് ജയിൽ ഗവർണർമാരുടെ സംഘടന നൽകിയിരുന്നു.
സർക്കാരിന്റെ വിശദീകരണമനുസരിച്ച്, ജയിലുകൾ നിറഞ്ഞാൽ കോടതികൾക്ക് പുതിയ പ്രതികൾക്ക് ശിക്ഷ വിധിക്കാനും പൊലീസിന് അറസ്റ്റുകൾ നടത്താനും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ ജയിലുകളുടെ പ്രവർത്തനം നിലച്ചുപോകാതിരിക്കാനാണ് ബുദ്ധിമുട്ടേറിയതെങ്കിലും അനിവാര്യമായ ഈ തീരുമാനം സർക്കാർ സ്വീകരിച്ചതെന്ന് ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ വിശദീകരിച്ചു.