പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാക്കിക്കൊണ്ട് ഇറാനെതിരായ സൈനിക നീക്കം പതിനൊന്നാം ദിവസവും തുടർന്ന് യുഎസ്. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ഓഫിസുകൾ എന്നിവ ലക്ഷ്യമിട്ട് യുഎസ് ഫോഴ്സ് ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്.
അടിയന്തര വെടിനിർത്തൽ പുനഃസ്ഥാപിക്കുന്നതിനായി പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടന്നുവന്ന നയതന്ത്ര ചർച്ചകൾ പൂർണമായി പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് യുഎസ് സൈനിക ആക്രമണം കൂടുതൽ ശക്തമാക്കിയത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലെ ഇറാൻ ആധിപത്യം തകർക്കുകയും രാജ്യാന്തര ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീഷണികൾ പൂർണമായി ഇല്ലാതാക്കുകയുമാണ് ഈ തുടർച്ചയായ വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യം.
ഹോർമുസ് കടലിടുക്കും യുഎസ് ആക്രമണവും
യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന പ്രകാരം, ഇറാന്റെ സൈനിക ശേഷിയും ആക്രമണ ശേഷിയും നിഷ്ഫലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഹരങ്ങൾ ആസൂത്രണം ചെയ്തത്. “ഹോർമുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും, ഈ മേഖലയിൽ ഇറാൻ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ തകർക്കുന്നതിനുമാണ് യുഎസ് സേനയുടെ തന്ത്രപ്രധാനമായ ഈ ഇടപെടൽ.” – എന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാന്റെ ഡ്രോൺ താവളങ്ങളും വിമാന ഹാംഗറുകളും തകർത്തതായി അവകാശപ്പെടുമ്പോഴും, ഹോർമുസ് കടലിടുക്കിന്മേലുള്ള തങ്ങളുടെ വിപുലമായ നിയന്ത്രണം ഉപേക്ഷിക്കാൻ ഇറാൻ തയാറായിട്ടില്ല. യുദ്ധത്തിന് മുൻപ് ലോകത്തെ ആകെയുള്ള ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോയിരുന്നത് ഈ ഇടുങ്ങിയ കടൽപ്പാതയിലൂടെയായിരുന്നു. നിലവിൽ കടലിടുക്കിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.
∙ ട്രംപിന്റെ കർശന നിലപാട്
സംഘർഷം പരിഹരിക്കുന്നതിനായി പാക്കിസ്ഥാൻ നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാൻ ആഭ്യന്തര മന്ത്രി ഇസ്കന്ദർ മൊമേനി പാക്കിസ്ഥാൻ തലസ്ഥാനത്തെത്തി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ഇടക്കാല വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ വഴിമുട്ടി.