മെൽബൺ∙ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയിൽ അംഗമായിരുന്ന ഓസ്ട്രേലിയൻ വനിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. തീവ്രവാദക്കേസിൽ ശിക്ഷ അനുഭവിച്ച മെൽബൺ സ്വദേശി അബ്ദുൽ നാസർ ബെൻബ്രികയുമായി യാതൊരു തരത്തിലുള്ള ബന്ധവും പുലർത്തരുതെന്ന കർശന ഉപാധിയോടെയാണ് മെൽബൺ മജിസ്ട്രേറ്റ് കോടതി യുവതിക്ക് ജാമ്യം അനുവദിച്ചത്.
റയാൻ എൽ ഹൗലി (34)യ്‌ക്കെതിരേ ഭീകരസംഘടനയിലെ അംഗത്വം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സിറിയയിൽ നിന്ന് നാല് മക്കളുമായി ഓസ്ട്രേലിയയിലേക്ക് മടങ്ങിയ റയാൻ എൽ ഹൗലി 2014ൽ 22 വയസ്സുള്ളപ്പോൾ ഭർത്താവ് അല്ലാക് ഹമദിനൊപ്പമാണ് സിറിയയിലേക്ക് പോയത്. തുടർന്നാണ് ഐഎസ് ഭീകരസംഘടനയിൽ അംഗത്വം നേടി. മെൽബണിന്റെ വടക്കൻ മേഖലയിലെ കുടുംബവീട്ടിൽ താമസിക്കുന്നതിനാണ് ജാമ്യം.
ഇവരുടെ ജാമ്യത്തെ പൊലീസ് എതിർത്തു. പക്ഷേ യുവതിയിൽ നിന്ന് സമൂഹത്തിന് താരതമ്യേന കുറഞ്ഞ ഭീഷണിയാണ് ഉള്ളതെന്ന് വിലയിരുത്തിയ മജിസ്ട്രേറ്റ് ബ്രെറ്റ് സോണറ്റ്, ആരോഗ്യപ്രശ്നങ്ങളും നാല് മക്കളുടെ പ്രധാന രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തവും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ റയാൻ എൽ ഹൗലി കർശന ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടിവരും. നിശ്ചിത സമയപരിധി വരെ വീട്ടിൽ കഴിയുക, അധികൃതർ അംഗീകരിച്ച ഒരു പള്ളി ഒഴികെയുള്ള ആരാധനാലയങ്ങളിൽ പോകാതിരിക്കുക, തീവ്രവാദവിരുദ്ധ പുനരധിവാസ പരിശീലന പരിപാടിയിൽ പങ്കെടുക്കുക തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകൾ.
ഇതിനുപുറമെ, ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസിൽ ശിക്ഷ അനുഭവിച്ച അബ്ദുൽ നാസർ ബെൻബ്രികയുമായി ബന്ധപ്പെടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഭീകരസംഘത്തിന് നേതൃത്വം നൽകിയ കേസിൽ ഏകദേശം ഇരുപത് വർഷം തടവുശിക്ഷ അനുഭവിച്ച ബെൻബ്രിക 2023ലാണ് മോചിതനായത്. റയാൻ എൽ ഹൗലിയുടെ കുടുംബത്തിലെ ഒരാൾ ബെൻബ്രികയുടെ കുടുംബത്തിലേക്ക് വിവാഹം കഴിച്ചിട്ടുണ്ടെന്നും, 2018ൽ ബെൻബ്രിക ‘പീഡിപ്പിക്കപ്പെട്ട ആളാണ്’ എന്ന അഭിപ്രായം റയാൻ പ്രകടിപ്പിച്ചിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
സിറിയയിൽ നിന്ന് മടങ്ങിയശേഷം ആരോഗ്യപ്രശ്നങ്ങളും മാനസികാഘാതവും മറികടന്ന് ജീവിതം പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് റയാൻ. മക്കളെ സ്കൂളിലും കായികപരിശീലനങ്ങളിലും ചേർക്കുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും പ്രതിഭാഗം വ്യക്തമാക്കി.
റയാന്റെ ആദ്യ ഭർത്താവായ അല്ലാക് ഹമദ് 2015ന് മുമ്പ് ഐഎസ് ഭീകരപ്രവർത്തനം നടത്തുന്നതനിടെ കൊല്ലപ്പെട്ടതായി കോടതി രേഖകളിലുണ്ട്. തുടർന്ന് 2016ൽ മറ്റൊരു ഓസ്ട്രേലിയൻ ഐഎസ് ഭീകരനായ അബ്ദുൽഖദെർ അസാദിനെ വിവാഹം കഴിച്ചെങ്കിലും, ഇയാളും 2017ന് മുമ്പ് കൊല്ലപ്പെട്ടു. പിന്നീട് 2018ൽ മൂന്നാമത്തെ ഐഎസ് അംഗത്തെ വിവാഹം കഴിച്ചെങ്കിലും മാസങ്ങൾക്കകം വിവാഹമോചനം നേടി.
2019ൽ കുർദ് സേനയുടെ പിടിയിലായ റയാനെ സിറിയയിലെ അൽ-ഹോൾ അഭയാർഥി ക്യാംപിൽ ആറു വർഷത്തോളം പാർപ്പിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് അവിടെ നിന്ന് പുറത്തുകടന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്തിയത്.