യുദ്ധനിഴലിൽ ബാബുൽ മൻദിബ്, വീണ്ടും മടങ്ങിപ്പോയി സൗദിക്കപ്പൽ

യുദ്ധം അവസാനിപ്പിക്കാനായി 10 ദിവസത്തെ വെടിനിർത്തൽ ശുപാർശ മധ്യസ്ഥരായ പാക്കിസ്ഥാൻ കൈമാറിയിട്ടും അടങ്ങാതെ ഇറാനും യുഎസും. ഇറാനിലെ ബുഷെഹറിലും ടെഹ്റാനിലും തുടർ‌ച്ചയായ 12-ാം രാത്രിയും യുഎസ് ആക്രമണം നടത്തി. ബഹ്റൈനിലും സൗദി അറേബ്യയിലും വ്യോമാക്രമണ സൈറനുകൾ മുഴങ്ങിയെങ്കിലും ആക്രമണമുണ്ടായില്ല. ജോർദാനിലെ യുഎസ് സൈനിക താവളത്തിനുനേരെ മിസൈൽ‌ ആക്രമണങ്ങളുണ്ടായി.

യുദ്ധം നിർത്താനുള്ള ചർച്ചകൾക്ക് യുഎസ് ഒരുക്കമാണെന്നും എന്നാൽ ഇറാൻ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. കപ്പലുകളെ ഇറാൻ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും വൈദ്യുതി പ്ലാന്റുകളും ബോംബിട്ട് തരിപ്പണമാക്കുമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ചെങ്കടലിൽ ഇറാന്റെ പിന്തുണയുള്ള യെമനി ഹൂതികൾ കപ്പലുകൾ ഉപരോധിച്ച് തുടങ്ങി. ഇന്ത്യയിലേക്കും ചൈനയിലേക്കും പുറപ്പെട്ട സൗദിയുടെ 4 എണ്ണക്കപ്പലുകൾ ഇതോടെ സൗദിയിലേക്കുതന്നെ തിരികെപ്പോയി.

യുദ്ധനിഴലിൽ ബാബുൽ മൻദിബ്

ഡ്രോണുകളും മിസൈലുകളും ഒരുക്കിവച്ചാണ് ഹൂതികളുടെ ഉപരോധം. ചെങ്കടലിലെ ബാബുൽ മൻദിബ് കടലിടുക്കിലാണ് ഹൂതികൾ സൗദി കപ്പലുകൾക്കെതിരെ തിങ്കളാഴ്ച മുതൽ ഉപരോധം തുടങ്ങിയത്. ബാബുൽ മൻദിബ് അടച്ചാൽ ഹൂതികൾക്കെതിരെ യുഎസ് ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ‌ വിപണികളിലേക്ക് ഇപ്പോൾ സൗദിയുടെ യാൻബു തുറമുഖത്തുനിന്ന് ആഫ്രിക്കയെ ചുറ്റിവളഞ്ഞ് പോകേണ്ട സ്ഥിയിലാണ് കപ്പലുകൾ.

തീയായി എണ്ണ, ബ്രെന്റ് 100ന് അരികെ

ഇറാൻ-യുഎസ് സംഘർ‌ഷം കനക്കുന്നതും ചെങ്കടലിൽ ഹൂതികൾ സൗദിക്കപ്പലുകൾക്കെതിരെ നാവിക ഉപരോധം തുടങ്ങിയതും ക്രൂഡോയിൽ വിലയെ 5-മാസത്തെ ഉയരത്തിലെത്തിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.95% വർധിച്ച് 96 ഡോളറായി. യുഎസ് ക്രൂഡ് വില (ഡബ്ല്യുടിഐ ക്രൂഡ്) 1.45% ഉയർന്ന് 88.09 ഡോളറും. ഒപെക് രാഷ്ട്രങ്ങളിൽ നിന്നുള്ള വിതരണം കുറഞ്ഞതും വിതരണശൃംഖലയിലെ തടസ്സങ്ങളും എണ്ണവിലയ്ക്ക് കുതിപ്പാവുകയാണ്. ഉപഭോഗത്തിനുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ എണ്ണവില വർധന ഗുരുതരമായി ബാധിക്കും. പെട്രോൾ, ഡീസൽ, എൽ‌പിജി, സിഎൻജി വിലകൾ കൂടാൻ ഇതിടയാക്കും.

പേടിപ്പിക്കല്ലേ… കണ്ണിന് പകരം കണ്ണ് – ഖാലിബാഫ്

ട്രംപിന്റെ ഭീഷണി വേണ്ടെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും ഇറാനിയൻ പാർലമെന്റ് സ്പീക്കറും സമാധാന ചർച്ചകളിലെ പ്രതിനിധിയുമായ മുഹമ്മദ് ബാഗിർ ഖാലിബാഫ് പറഞ്ഞു. ‘‘ഇറാനെ എണ്ണ വിൽക്കാൻ അനുവദിക്കുന്നില്ലെങ്കിൽ, മേഖലയിലെ ഒരു രാജ്യവും എണ്ണ വിൽക്കില്ല. അതിന് ഇറാൻ സമ്മതിക്കില്ല. ഇറാന്റെ പാലവും അടിസ്ഥാന സൗകര്യ പദ്ധതികളും തകർത്താൽ ഇറാനും തകർക്കും. കണ്ണിന് പകരം കണ്ണ്. ഹോർമുസ് ഒരിക്കലും യുദ്ധത്തിന് മുൻപത്തെ സ്ഥിതിയിലേക്ക് മടങ്ങുമെന്ന് ആരും വിചാരിക്കേണ്ട’’ – ഖാലിബാഫ് പറഞ്ഞു.

‘‘ഇറാൻ ഇനി ഒരു കപ്പലിനെയെങ്കിലും ആക്രമിച്ചാൽ… അത് എന്തുമായിക്കോട്ടെ ഡ്രോണോ മിസൈലോ റോക്കറ്റോ തോക്കോ… ഇറാനിലെ പാലവും വൈദ്യുതി പ്ലാന്റുകളും യുഎസ് ബോംബിട്ട് തകർക്കും. ടെഹ്റാനിലെയും തകർക്കും’’ – ട്രംപ് ഭീഷണി മുഴക്കിയത് ഇങ്ങനെയായിരുന്നു.

സ്വർണവില മേലോട്ട്

സ്വർണവില നേട്ടത്തിലാണുള്ളത്. രാജ്യാന്തരവില ഔൺസിന് 43 ഡോളർ ഉയർന്ന് 4115 ഡോളറിൽ‌ വ്യാപാരം ചെയ്യുന്നു. പശ്ചിമേഷ്യയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നടക്കുന്നതും നേരത്തേ വില കുറഞ്ഞപ്പോളുണ്ടായ വാങ്ങൽ ട്രെൻഡും യുഎസ് ഡോളർ സൂചിക നേരിടുന്ന തളർച്ചയുമാണ് സ്വർണത്തിന് കരുത്താവുന്നത്. കേരളത്തിൽ ഇന്നും വില ഉയർന്നേക്കാം.

ഓഹരികൾക്ക് നെഞ്ചിടിപ്പ്, ഇന്നും തകർച്ചപ്പേടി

യുഎസ് പ്രസിഡന്റ് ട്രംപ് വീണ്ടും താരിഫ് യുദ്ധത്തിന് തുടക്കമിടുന്നതും ശമനമില്ലാത്ത പശ്ചിമേഷ്യൻ യുദ്ധവും തിളയ്ക്കുന്ന എണ്ണവിലയും ഓഹരി വിപണികളെ നിരാശയിലേക്ക് തള്ളുന്നു. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നും നഷ്ടത്തിലേക്ക് വീണു. സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങിയേക്കാം. ഇന്നലെ 0.7-0.9% നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും ഇന്ത്യൻ ഓഹരികൾ വിറ്റുപിന്മാറി തുടങ്ങിയത് തിരിച്ചടിയാണ്.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 2-മാസത്തെ താഴ്ചയിലെത്തി.

∙ യുഎസ് ഓഹരി വിപണികൾ‌ ഇന്നലെ നഷ്ടത്തിലായിരുന്നു. യുദ്ധാശങ്കയ്ക്ക് പുറമേ എഐ/ടെക് ഓഹരികളിലുണ്ടായ വിൽപന സമ്മർദവും ഫ്യൂച്ചേഴ്സ് വിപണികളെയും നഷ്ടത്തിലാക്കി.
∙ യുദ്ധം വെല്ലുവിളിയാണെങ്കിലും ഏഷ്യൻ ഓഹരി വിപണികൾ പൊതുവേ പോസിറ്റീവ് ആയിരുന്നു എന്ന ആശ്വാസമുണ്ട്. ഇത് ഇന്ത്യൻ വിപണിക്ക് നൽകുന്നതും നേട്ടത്തിലേറാമെന്ന പ്രതീക്ഷയാണ്.

∙ ആഭ്യന്തര അനുകൂല ഘടകങ്ങളുടെ ചുവടുപിടിച്ച് ജാപ്പനീസ് നിക്കേയ് 0.55%, ദക്ഷിണ കൊറിയൻ കോസ്പി 2.3%, കോസ്ഡാക് 1.42%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.72% എന്നിങ്ങനെ ഉയർന്നു.
∙ ഹോങ്കോങ് സൂചിക 0.57% നേട്ടമുണ്ടാക്കിയപ്പോൾ ചൈനയിൽ ഷാങ്ഹായ് സൂചിക 0.02% മാത്രം നഷ്ടത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *