സ്വകാര്യ സ്കൂളിൽ ഒന്നരപ്പതിറ്റാണ്ടോളം അധ്യാപികയായിരുന്ന തിരുവനന്തപുരം അമരവിള സ്വദേശി രേഷ്മ ഏഞ്ചലിൻ ജോലി ഉപേക്ഷിച്ച് ഇന്നു പൂർണമായും കൃഷിയിലാണ്. വീട്ടാവശ്യത്തിനു പച്ചക്കറികളും പഴങ്ങളും ശുദ്ധമായും സുരക്ഷിതമായും വിളയിക്കുകയാണ് മുഖ്യ ലക്ഷ്യം. കൃഷി കൂടുതൽ പഠിക്കുകയും അറിയുകയും ചെയ്തതോടെ കാർഷിക സംരംഭകയായി വളരാനും രേഷ്മയ്ക്കു കഴിഞ്ഞു. വീടിരിക്കുന്ന 5 സെന്റ് സ്ഥലത്താണ് രേഷ്മയുടെ ഏദൻസ് ഫീൽഡ് എന്ന ഹോം ഗാർഡൻ. വീടിന്റെ മട്ടുപ്പാവിലും ബാൽക്കണിയിലുമുൾപ്പെടെ ഒഴിവുള്ള ഇടങ്ങളിലെല്ലാം പച്ചപ്പ്. ഒപ്പം, വീടിനോട് ചേർന്നു തരിശുകിടന്ന 20 സെന്റ് സ്ഥലം വാടകയ്‌ക്കെടുത്ത് കൃഷിയും തൈ ഉൽപാദനവും. ഓൺലൈനായും നേരിട്ടും ചെടികൾ വിറ്റ് മികച്ച വരുമാനം നേടാനും കഴിയുന്നു.
രേഷ്മയുടെ കൃഷിയിടത്തിലെ ആകർഷണങ്ങളില്‍ മുഖ്യം മഴവിൽ ചോളം (rainbow corn, glass gem corn). വിവിധ നിറങ്ങളിൽ ധാന്യമണികളുള്ള സവിശേഷ ഇനമാണിത്. ഓരോ കതിരിലും മഞ്ഞ, ഓറഞ്ച്, പിങ്ക്, കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ രത്നക്കല്ലുകൾ പതിച്ചപോലെ തിളങ്ങുന്ന ധാന്യമണികൾ. അവ സ്ഫടികം പോലെ തിളങ്ങുന്നതിനാല്‍ Glass gem corn എന്നും േപരുണ്ട്. അമേരിക്കക്കാരനായ കാൾ ബേൺസ് എന്ന കർഷകനാണ് ഈ ചോളവർഗം വികസിപ്പിച്ചത്. അലങ്കാരങ്ങൾക്കായി ഇന്ന് മഴവിൽചോളം വിപുലമായി ഉപയോഗിക്കുന്നു. പൊരി (Popcorn) യാക്കാനും പൊടിയാക്കാനും ഏറെ യോജ്യം.
മലപ്പുറം ജില്ലയിലെ ഒരു വീട്ടമ്മ മഴവിൽചോളം കൃഷി ചെയ്യുന്നതറിഞ്ഞ് അവരെ ബന്ധപ്പെട്ടാണ് കൃഷിരീതി മനസ്സിലാക്കിയതെന്ന് രേഷ്മ. അവരിൽനിന്നാണ് വിത്തു വാങ്ങിയതും. 2–3 സെ.മീ. ആഴത്തിലാണ് വിത്തു നടുന്നത്. ചെടികൾ തമ്മിൽ 25–30 സെ.മീറ്റർ അകലവും വരികൾ തമ്മിൽ 60–75 സെ.മീ. അകലവും നൽകണം. വിത്തു നട്ട ഉടനെ നന്നായി നനയ്ക്കും. മുളച്ചു വരുന്നതുവരെ മണ്ണ് ഈർപ്പമുള്ളതായി സൂക്ഷിക്കുകയും വേണം. 5–10 ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും. 20–25 ദിവസം കഴിഞ്ഞ് കംപോസ്റ്റ് അല്ലെങ്കിൽ ജൈവവളം നൽകാമെന്നു രേഷ്മ. ചെടി വളരുമ്പോൾ ചുവട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കാനും ശ്രദ്ധിക്കണം. കാറ്റിലൂടെ പരാഗണം നടക്കുന്ന വിളയാണു ചോളം. അതിനാൽ, ഒറ്റവരി മാത്രം നടുന്നതിനു പകരം കുറഞ്ഞത് 4–5 വരികളായി ബ്ലോക്ക് രീതിയിൽ നട്ടാൽ കതിരുകൾ നന്നായി രൂപപ്പെടും.