അസം: വെള്ളപ്പൊക്കത്തിൽ ആറ് പേർ കൂടി മരിച്ചതോടെ അസമിൽ മഴദുരിതത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 47 ആയി. കനത്ത മഴയെ തുടർന്ന് ഗുവാഹത്തിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പതിനൊന്ന് ജില്ലകളിലായി ആറ് ലക്ഷത്തിലധികം പേരാണ് വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായത്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി(എ.എസ്.ഡി.എം.എ)യാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികൾ ഉൾപ്പടെ പത്ത് പേർ വെള്ളപ്പൊക്കത്തിൽ മരിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ശിവസാഗർ, ജോർഹട്ട് ജില്ലകളിൽ മൂന്ന് പേരും ചാരൈഡിയോ ജില്ലയിൽ രണ്ട് പേരും ധേമാജി, കർബി ആംഗ്ലോങ് ജില്ലകളിൽ ഒരാൾ വീതവുമാണ് മരിച്ചത്. മൂന്ന് സ്ത്രീകളടക്കം ആറ് പേരെ കാണാതായിട്ടുണ്ട്.
നിലവിൽ അസമിൽ വെള്ളപ്പൊക്കം ഗുരുതരമായി തുടരുകയാണ്. പതിനൊന്ന് ജില്ലകളെയാണ് ദുരിതം ബാധിച്ചത്. കർബി ആംഗ്ലോങ്, ഗോലാഘട്ട്, ചാരൈഡിയോ, കാംരൂപ്(മെട്രോ), ശിവസാഗർ,ജോർഹട്ട്, ദിബ്രുഗഡ്, നാഗോൺ, ധേമാജി, ഹോജൈ എന്നിവയാണ് ദുരിതബാധിത ജില്ലകൾ.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ശിവസാഗർ ജില്ലയിലാണ്. മൂന്ന് ലക്ഷത്തിലധികം പേരാണ് ഇവിടെ ദുരിതത്തിൽ പെട്ടത്. 939 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. സ്ഥിതി ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനമായ നാഗാലാൻഡിലെ മേഘവിസ്ഫോടനമാണ് പല ജില്ലകളിലേയും വെള്ളപ്പൊക്കത്തിന് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. തുടർച്ചയായ മഴയിൽ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ബ്രഹ്മപുത്രയിലും അതിന്‍റെ നിരവധി പോഷകനദികളിലും ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുകയാണ്.