ന്യൂഡൽഹി: ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണിയുമായി ബിജെപി. സംഘടനാപരിചയത്തിനൊപ്പം പ്രാദേശിക പ്രാധാന്യത്തിനുകൂടി മുൻഗണന നൽകിയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. 64 അംഗ സംഘത്തിൽ 40 ശതമാനത്തിലേറെപേർ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വിവിധ മേഖലകളിൽനിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ കൂടുതൽ വൈവിദ്ധ്യമാർന്ന നേതൃനിര സൃഷ്‌ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
സ്‌മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോൾ പീയുഷ് ഗോയലിന് ദേശീയ ട്രഷറർ സ്ഥാനം നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബി എൽ സന്തോഷിനെയും ദേശീയ സെക്രട്ടറിയായി കെ സുരേന്ദ്രനെയും തിരഞ്ഞെടുത്തു. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എപി അബ്‌ദുല്ലക്കുട്ടിയെ ഒഴിവാക്കി.
23 സംസ്ഥാനങ്ങളിൽനിന്ന് പ്രാതിനിധ്യം
പുതിയ ദേശീയ ഭാരവാഹി സംഘത്തിൽ 23 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള നേതാക്കളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കളെ സംഘടനയുടെ നേതൃനിരയിൽ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്ന്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേക പരിഗണന ലഭിച്ചു. ത്രിപുര, അസം, നാഗാലാന്റ് എന്നിവിടങ്ങളിൽനിന്ന് ഓരോ നേതാക്കൾവീതം നേതൃനിരയിലുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഏകോപനത്തിനായുള്ള പ്രത്യേക സെൽ തങ്ങളുടെ പ്രവർത്തനം തുടരും. സാംബിത് പത്രയാണ് ഇതിന്റെ ചുമതല വഹിക്കുക.
പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം
ആദിവാസി വിഭാഗത്തിൽനിന്ന് നാല് നേതാക്കളെയാണ് നേതൃനിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പശ്ചിമബംഗാൾ, മഹാരാഷ്‌ട്ര, വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിൽനിന്നുള്ള നേതാക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽ ഉത്തർപ്രദേശ്, തമിഴ്‌നാട്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും മൂന്ന് നേതാക്കളുണ്ട്. ഇതിന് പുറമെ വിവിധ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും പട്ടികയിൽ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.