‘കുപ്പിയിൽനിന്ന് പുറത്തുവന്ന ഭൂതത്തെ തടയാനാകില്ല’; കോടതി നടപടികൾ വൈറലാക്കുന്നതിന് സുപ്രീംകോടതി വിലക്ക്

ന്യൂഡൽഹി: കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ അനുമതിയില്ലാതെ സോഷ്യൽമീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പ്രചരിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സുപ്രീംകോടതിയിലെ സെക്രട്ടറി ജനറലിന്റെയോ ഹൈക്കോടതിയിലെ രജിസ്റ്റാർ ജനറിലെന്റിയോ അനുമതിയില്ലാതെ ഇത്തരം ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്‌ക്കാനോ ധനലാഭത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാൽ, കോടതി നടപടികളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടിംഗിന് ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

കോടതി നടപടികളുടെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ബാഗ്‌ചി ‘കുപ്പിയിൽനിന്ന് പുറത്തുവന്ന ഭൂതത്തെ തടയാനാകില്ല’ എന്ന് പരാമർശിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന വിനോദ ചാനലാക്കി കോടതിയെ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ ഹിയറിംഗിനായുള്ള ഓൺലൈൻ ലിങ്കുകൾ അനിയന്ത്രതമായി പങ്കുവയ്‌ക്കുന്നതിൽ നിയന്ത്രണം വേണമെന്നും കോടതി പറഞ്ഞു.

കോടതി വീഡിയോകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മെറ്റ, എക്‌സ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയാ പ്ലാറ്റ്‌ഫോമുകൾക്ക് കോടതി നോട്ടീസ് അയച്ചു. എഐ ഉപയോഗച്ച് ജഡ്‌ജിമാരുടെയും അഭിഭാഷകരുടെയും വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതേസമയം, വിദ്യാർത്ഥികളുടെ വിഷയത്തിൽ അടിയന്തര ഹിയറിംഗ് നിഷേധിച്ചെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നില്ലെന്നും ഒരു നിവേദനം മാത്രമാണ് ലഭിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *