മുംബയ്: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയിൽ മുംബയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം. ദാദറിലെ ശിവാജി പാർക്കിന് അകത്തും പുറത്തും വിദ്യാർത്ഥികളും യുവാക്കളുമടക്കം പതിനായിരങ്ങളാണ് പ്രതിഷേധറാലിയിൽ അണിനിരക്കുന്നത്.
പോസ്റ്ററുകളും പ്ലക്കാർഡുകളുമായെത്തിയവർ മുദ്രാവാക്യം വിളിച്ചും ദേശീയപതാകയുയർത്തിയും പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ പാർട്ടികളടക്കം ഈ റാലിയിലേയ്ക്കെത്തുന്നുവെന്നാണ് വിവരം. അഞ്ചുപേരിൽ കൂടുതൽപേർ പൊതുസ്ഥലത്ത് ഒത്തുകൂടാൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് പ്രതിഷേധം.
കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധങ്ങളെ തുടർന്ന് മുംബയിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പതിനഞ്ചുദിവസത്തേയ്ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാർട്ടികൾ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെ നിരവധിപേരെ പൊലീസ് അറസ്റ്റുചെയ്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സെക്ഷൻ 144 പ്രകാരം മുംബയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.