വിഷ്ണുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം

അനന്തപുരിയുടെ അഭിമാനമായ പത്മനാഭ സ്വാമി ക്ഷേത്രത്തോളം പഴക്കവും അത്രതന്നെ പ്രാധാന്യവുമുള്ള വിഷ്ണുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം.9മം നൂറ്റാണ്ടിണ്ടിൽ കേരളം ഭരിച്ചിരുന്നത് ആയ് രാജ വംശമായിരുന്നു.അന്ന് രണ്ട് രാജ്യ തലസ്ഥാനങ്ങളുണ്ടായിരുന്നതിൽ ഒന്ന് ആയ്ക്കുടി എന്നറിയപ്പെടുന്ന അഗസ്ത്യാർകൂടവും വിഴിഞ്ഞവുമായിരുന്നു.ആയ് പരമ്പരയിലെ കരുനനന്ദടക്കൻ രാജാവാണ് ക്ഷേത്രം പണി കഴിപ്പിച്ചത്.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ The Monuments of Kerala(by H. Sarkar) എന്ന പുസ്തകത്തിൽ ക്ഷേത്രത്തിനെ പറ്റി പറയുന്നുണ്ട്.അക്കാലത്ത് ദക്ഷിണേന്ത്യയിൽ തന്നെ അപൂർവ്വമായിരുന്നു വട്ടശ്രീകോവിലോടു കൂടീയ ക്ഷേത്രം. വിഷ്ണുപുരത്ത് നിന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയ ബലി പീഠത്തിലെ ലിഖിതം കേരളത്തിൽ കണ്ടുപിടിക്കപ്പെട്ടവയിൽ ഏറ്റവും പുരാതനമായ വട്ടെഴുത്ത് ലിപിയിലുള്ളതാണ്.കാലപ്പഴക്കം കൊണ്ട് മണ്ണിനടിയിലായ ക്ഷേത്രത്തിന്റെ അവശിഷ്ഠങ്ങൾ കണ്ടെത്തിയത് പുരാവസ്തു ഗവേഷകരാണ്.ആയിരത്തിലേറെ വർഷം പഴക്കമുള്ള വിഗ്രഹം ഗവേഷകർ കണ്ടെത്തുകയും ഇപ്പോൾ കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ മ്യൂസിയത്തിൽ സംരക്ഷിത സ്മാരകമായി സൂക്ഷിച്ചിരിക്കുകയാണ്.1145 വർഷങ്ങൾക്ക് മുമ്പ് കരുനന്ദടക്കൻ മഹാരാജാവ് ക്ഷേത്രത്തിലെ ബലിപീഠത്തിൽ സൂര്യ ചന്ദ്രന്മാരുള്ളടത്തോളം കാലം നൈവേദ്യത്തിനു ഉരി അരി നൽകണം എന്ന് കൊത്തി വച്ചിട്ടുണ്ട്.AD 850ൽ പണിൽ വിഴിഞ്ഞത്തുള്ള ആയ് ക്ഷേത്രം കഴിഞ്ഞാൽAD 867ൽ പണിത വിഷ്ണുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തോളം പഴക്കമുള്ള ക്ഷേത്രങ്ങളൊന്നും തന്നെ ദക്ഷിണ കേരളത്തിലില്ല എന്നാണ് പുരാവസ്തു രേഖകളും ചരിത്ര ഗവേക്ഷണ പ്രബന്ധങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോൾ തമിഴ്നാടിന്റെ ഭാഗമായ പാർത്ഥിവ ശേഖരപുരത്തെ ക്ഷേത്രം( AD 865) ആയ് രാജാവ് കരുനന്ദടക്കൻ പണി കഴിപ്പിച്ചതാണ്.ഒരു നൂറ്റാണ്ടോളം മണ്ണിനടിയിലായിരുന്ന ക്ഷേത്രം കണ്ടെത്തിയിട്ട് 20 വർഷത്തോളമേ ആകുന്നുള്ളൂ. ക്ഷേത്രം പണിയാനുപയോഗിച്ച കരിങ്കല്ലുകൾ അഗസ്ത്യാർകൂടത്തിൽ നിന്നാണ് കൊണ്ട് വന്നത്.മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത ആ പാളികളാണ് ക്ഷേത്രപരിസരത്ത് വിശ്രമിക്കാനായി ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ നിന്ന് നെയ്യാറ്റിൻകരയിൽ എത്തി അവിടുന്ന് കാട്ടാക്കട റോഡിൽ പെരുമ്പഴുതൂർ മുട്ടയ്ക്കാട് റൂട്ടിൽ വിഷ്ണുപുരം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ ഈ പുരാതന ക്ഷേത്രത്തിൽ എത്തിച്ചേരാം.
മറ്റൊരു ശിലാ ലിഖിതം കൂടെയുണ്ട് അവിടെ. അത് പറയുന്നത് ക്ഷേത്രത്തിന്റെ നിധിയെ പറ്റിയുള്ള കാര്യമാണ്. എന്നാൽ ഈ നിധിയെ പറ്റി ആകെ അറിയാമായിരുന്നത് രാജാവിനു മാത്രം.
ക്ഷേത്രത്തിനു ചുറ്റുമുള്ള ഏക്കറോളം വസ്തുക്കൾ ക്ഷേത്രം വക ആയിരുന്നു.ഇപ്പോൾ അത് പലരുടെയും കൈയിലാണ്.
ക്ഷേത്രം പണിയാൻ ഉപയോഗിച്ച കല്ലുകൾ അഗസ്ത്യാർകൂടത്തിൽ നിന്നാണ് കൊണ്ട് വന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ.വട്ട ശ്രീകോവിൽ പണിതിരുന്ന അവ ഇപ്പോൾ കണ്ടെടുത്ത് ക്ഷേത്രത്തിനു ചുറ്റും കൽ ബെഞ്ചുകളാക്കി മോഡിപിടിപ്പിച്ചിരിക്കുന്നു.
ശ്രീകോവിലിന്റെ അടിസ്ഥാനം പഴയപടി നിലനിർത്തി കൊണ്ടാണ് ഇപ്പോൾ പുനരുദ്ധീകരിച്ചിരിക്കുന്നത്.
അതുപോലെ ബലിപീഠവും പല ഭാഗങ്ങളായാണ് മണ്ണിനടിയിൽ നിന്ന് ലഭിച്ചത്. ചരിത്രത്തിൽ ഇത്രയും പ്രധാന്യമുള്ള ക്ഷേത്രത്തെപ്പറ്റി നെയ്യാറ്റിൻകരയിലുള്ളവർക്ക് പോലും വലിയ,അറിവില്ല എന്നതാണ് സങ്കടകരമായ കാര്യം.പുനരുദ്ധീകരണം കഴിഞ്ഞ ശേഷം തെക്കൻ കേരളത്തിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ ആനകളെ സംഘടിപ്പിച്ചു നടത്തിയ പൂരം ഈ ക്ഷേത്രത്തിലായിരിക്കും,അതു പോലെ വെടിക്കെട്ടും.
ഇത്രയും പ്രാധാന്യമുള്ള ക്ഷേത്രം ഒരു ട്രസ്റ്റിന്റെ കീഴിലാണ്.
ചരിത്രം ഇഷ്ടപ്പെടുന്നവർ പ്രകൃതിയെ സ്നേഹിക്കുന്നവർ,നമ്മുടെ പഴമയെ സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും ഈ ക്ഷേത്രത്തിൽ പോകണം. അതിന്റെ ഓരോ കോണിലും ഓരോ തരിയിലും നമ്മുടെ പഴമയും പാരമ്പര്യവും തെളിഞ്ഞു നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *