ജനീവ∙ ഭക്ഷണവിതരണത്തിനു കൂടുതൽ ധനസഹായം ഉറപ്പാക്കാനായില്ലെങ്കിൽ ഗാസയിലെ ജനങ്ങൾ അധികം വൈകാതെ മുഴുപ്പട്ടിണിയിലാകുമെന്നു മുന്നറിയിപ്പ് നൽകി വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്യൂഎഫ്‌പി). നിലവിലെ സ്ഥിതി തുടർന്നാൽ ഈ വർഷം അവസാനത്തോടെ ഗാസയിലെ മൂന്നിൽ രണ്ട് ആളുകളും കടുത്ത പട്ടിണിയിലേക്ക് പോകുമെന്ന് ഇന്റർഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്.
രണ്ടു വർഷമായി ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ ഭൂരിഭാഗം ആളുകളും വിവിധ ഏജൻസികളുടെ ഭക്ഷ്യവിതരണത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഡിസംബർ വരെ ഭക്ഷണവിതരണം മുന്നോട്ടു കൊണ്ടുപോകാൻ 4055 കോടി രൂപ വേണ്ടിവരും.
സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് 2.2 ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസം നൽകിയിരുന്ന റേഷൻ ഈ മാസം പകുതിയായി വെട്ടിക്കുറച്ചിരുന്നു. 75,000 ആളുകൾക്ക് നൽകിയിരുന്ന സാമ്പത്തിക സഹായവും 25% വെട്ടിക്കുറച്ചു. സ്ഥിതി തുടർന്നാൽ ഭക്ഷണവിതരണം മുടങ്ങുമെന്നാണ് ആശങ്ക.