25 കോടിയുടെ കള്ളപ്പണം ബിജെപി തൃശൂർ ഓഫിസിലെത്തിയത് അന്വേഷണം തുടങ്ങി

തൃശൂർ ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് 25 കോടി രൂപയുടെ കള്ളപ്പണം ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫിസായ നമോ ഭവനിലേക്ക് എത്തിയെന്ന ആരോപണവുമായി മുൻ ഓഫിസ് സെക്രട്ടറി പി.അക്ഷയ്. തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനത്തിൽ 17 ചാക്കുകളിലായാണ് പണം എത്തിച്ചതെന്നും ഓഫിസിന്റെ രണ്ടാം നിലയിലും ചേറൂർ ഗാന്ധിനഗറിലെ ഒരു വീട്ടിലും ആണ് ഇവ സൂക്ഷിച്ചതെന്നും അക്ഷയ് വെളിപ്പെടുത്തി. എന്നാൽ, തന്റെ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്ന് അക്ഷയ് പറഞ്ഞു.

പണമെത്തിച്ച സമയത്ത് ഓഫിസിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ നേതാക്കൾ നിർദേശിച്ചതായും പഴയ ഡിവിആർ മാറ്റി പുതിയതു സ്ഥാപിച്ചെന്നും കള്ളപ്പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് വിതരണം ചെയ്യാതെ നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും അക്ഷയ് ആരോപിച്ചു. 2025 നവംബർ മുതൽ കഴിഞ്ഞ ജൂലൈ 14 വരെ ഓഫിസ് സെക്രട്ടറി ആയിരുന്നു അക്ഷയ്. രണ്ടാഴ്ച മുൻപാണ് ഇയാളെ ഓഫിസ് ജോലിയിൽ നിന്ന് ഒഴിവാക്കിയത്. യുവമോർച്ച ജില്ലാ നേതൃസ്ഥാനത്തു നിന്നു നേരത്തേ നീക്കിയിരുന്നു.

എന്നാൽ, അക്ഷയ് ബിജെപിയുടെ ഓഫിസ് സെക്രട്ടറി ആയിരുന്നില്ലെന്നും ജില്ലാ ഓഫിസിൽ താൽക്കാലിക ജീവനക്കാരനായാണു പ്രവർത്തിച്ചിരുന്നതെന്നും സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറ‍ഞ്ഞു. ഇത്തരത്തിൽ ഒരു സാമ്പത്തിക ഇടപാടുകളും ഓഫിസിൽ നടന്നിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. പരാതികളുടെ അടിസ്ഥാനത്തിൽ അക്ഷയ്‌യെ ഓഫിസിൽ നിന്ന് പുറത്താക്കിയിരുന്നെന്നും ഇതിന്റെ പ്രതികാരമായാണ് കള്ള ആരോപണങ്ങളും പ്രചാരണങ്ങളും നടത്തുന്നതെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ജസ്റ്റിൻ ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *