ആലപ്പുഴ: കോഴി കർഷകർക്ക് ഇരുട്ടടിയായി രാത്രികാല വൈദ്യുതി നിയന്ത്രണം. വൈദ്യുതി മുടക്കം കാരണം കൃത്രിമ ചൂട് ലഭിക്കാതെ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതാണ് കർഷകർക്ക് തിരിച്ചടിയായത്. വലിയ വിലകൊടുത്ത് വാങ്ങുന്ന കോഴിക്കുഞ്ഞുങ്ങൾ ഇത്തരത്തിൽ ചത്തൊടുങ്ങുന്നത് കനത്ത സാമ്പത്തിക നഷ്ടത്തിനിടയാക്കും. കോഴി വളർത്തലിനെ കൃഷിയിൽ ഉൾപ്പെടുത്താത്തതിനാൽ നഷ്ടപരിഹാരവും ലഭിക്കാറില്ല.
കേരളത്തിൽ ഒരുദിവസം 15 ലക്ഷം കോഴിയിറച്ചിയാണ് വേണ്ടത്. ഇതിന് ഏകദേശം 20 ലക്ഷം കോഴികളെ ആവശ്യമായി വരും. ഞായറാഴ്ച ദിവസങ്ങളിലും ആഘോഷ ദിവങ്ങളിലും 30 ലക്ഷത്തിന് മുകളിൽ കോഴികളെ വേണ്ടിവരും. ഒരു വർഷം ഏകദേശം 18000 കോടി രൂപയുടെ വാർഷിക വിറ്റു വരവാണ് ലഭിക്കുന്നത്. കോഴി വളർത്തലിനെ കൃഷി വകുപ്പിന്റെ കീഴിൽ കൊണ്ടുവന്ന് മറ്റു കർഷകർക്ക് ലഭ്യമാക്കുന്ന ആനുകൂല്യം ഇവർക്കും ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കോഴി വളർത്തൽ താത്ക്കാലിക ഷെഡിന് ആഡംബര നികുതിയും പഞ്ചായത്തിന്റെ അധിക ടാക്സും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വർദ്ധിച്ച ഫീസും പഞ്ചായത്ത് ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചതും മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.
1.കേരളത്തിൽ ഹാച്ചറികൾ പൊതുവെ കുറവായതിനാൽ തമിഴ്നാട്ടിലെ പല്ലടം, നാമക്കൽ, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. മുട്ട വിരിഞ്ഞ് 8 മണിക്കൂറിനുള്ളിൽ ഇവയെ വാങ്ങും. പിന്നീടുള്ള പരിപാലനം കർഷകർക്കാണ്
2. ആദ്യത്തെ എട്ടുദിവസം 24 മണിക്കൂർ കൃത്രിമ ചൂട് നൽകണം.പിന്നീടുള്ള 15 ദിവസം 14 മണിക്കൂറും. എന്നാൽ വൈദ്യുതി മുടങ്ങുന്നതോടെ ചൂട് കിട്ടാതെ ഇവ ചാകുന്ന അവസ്ഥയാണ്. 18-20 വരെ വിലയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്കാണ് ഇപ്പോൾ 56 രൂപ വരെ കൊടുക്കണം
3. കേരളത്തിൽ മൂന്നുലക്ഷത്തോളം കോഴി ഫാമുകളാണുള്ളത്. 14 ലക്ഷത്തോളം കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ഒരു കോഴിയെ വളർത്തുന്നതിന് 115 രൂപയാണ് ചെലവ് വരുന്നത്.
4. എന്നാൽ, 56 രൂപയ്ക്ക് വാങ്ങുന്ന കോഴിക്കുഞ്ഞിനെ 40 ദിവസം വളർത്തി 76 രൂപയ്ക്ക് വരെ വിൽക്കേണ്ട സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. ഇതിനിടെയാണ് വൈദ്യുതി മുടക്കത്തിൽ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചാവുന്നത്.
കറണ്ട്കട്ടുകാരണം മലയാളികൾ ചിക്കൻ കഴിക്കുന്നത് മതിയാക്കേണ്ടിവരും, അപ്രതീക്ഷിത തിരിച്ചടി