കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം ബിഗ് സ്ക്രീനിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ചിപ്പി. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിലൂടെയാണ് ചിപ്പി ബിഗ് സ്ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. 25 വർഷങ്ങൾക്കുശേഷമാണ് ഒരു ചിത്രത്തിൽ അവർ വേഷമിടുന്നത്. ‘തുടക്ക’ത്തിൽ വിസ്മയ മോഹൻലാൽ അവതരിപ്പിക്കുന്ന മീനു എന്ന കഥാപാത്രത്തിന്റെ അമ്മവേഷത്തിലാണ് ചിപ്പി എത്തിയത്. “25 വർഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി. വിസ്മയയ്ക്ക് എല്ലാ ആശംസകളും” എന്ന കുറിപ്പോടെയാണ് ചിപ്പി സിനിമയിൽ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചത്. ‘തുടക്കം’ സിനിമയിൽനിന്നുള്ള രണ്ടുചിത്രങ്ങളും അവർ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. തുടക്കം എന്ന ചിത്രത്തിൽ ചിപ്പി അഭിനയിച്ച തളിരോമലേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2000ൽ റിലീസ് ചെയ്ത ‘കാറ്റുവന്നു വിളിച്ചപ്പോൾ’ എന്ന ചിത്രത്തിലായിരുന്നു ചിപ്പി ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇതിന് പിന്നാലെ സിനിമയിൽ നിന്നും ഇടവേളയെടുത്ത ചിപ്പി ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു. വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘തുടക്കം’. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാലുമുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയാണ് പ്രതിനായകവേഷത്തിലെത്തുന്നത്. സിനിമയിൽ അരങ്ങേറ്റം നടത്തുന്ന വിസ്മയയ്ക്ക് മമ്മൂട്ടി, ദുൽഖർ സൽമാൻ, സംവിധായകൻ പ്രിയദർശൻ എന്നിവരെല്ലാം ആശംസകൾ അറിയിച്ചിരുന്നു.
നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ; ‘തുടക്ക’ത്തിലൂടെ തിരിച്ചെത്തി ചിപ്പി