കോഴിക്കോട്: വിദ്വേഷ പ്രചാരണം നടത്തിയതിന് എക്സ് മുസ്‌ലിം പ്രചാരകന്‍ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസെടുക്കാൻ പന്തീരാങ്കാവ് പൊലീസിന് കോടതി നിർദേശം.
എക്‌സ് ആൻഡ് വൈ ലേണിങ് എന്ന സ്ഥാപനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സ്ഥാപനം നൽകിയ പരാതിയിലാണ് കോടതി നടപടി. കേരളത്തിലെ അൽ ഫലാഹ് സർവകലാശാലയാണ് എക്‌സ് ആൻഡ് വൈ ലേണിങ് സ്ഥാപനം എന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വ്യാജപ്രചാരണം നടത്തുകയും തീവ്രവാദ പ്രവർത്തനങ്ങൾ വളർത്തുന്നു എന്ന രീതിയിൽ ആക്ഷേപിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ കോടതിയെ സമീപിച്ചത്.
നേരത്തെ സ്ഥാപന അധികൃതർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ തയാറായില്ല. തുടർന്നാണ് സ്ഥാപനം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി, ആരിഫ് ഹുസൈനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശം നൽകുകയായിരുന്നു.