നീറ്റ് പ്രക്ഷോഭകർക്കൊപ്പം വാർത്താസമ്മേളനം നടത്തി രാഹുൽ; ഡൽഹി പോലീസിന്റെ ക്രൂരത വിവരിച്ച് വിദ്യാർഥികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധയിടങ്ങളിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തി. പ്രതിഷേധത്തിനിടെ ഡൽഹി പോലീസിൽനിന്ന് നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിദ്യാർഥികൾ വാർത്താ സമ്മേളനത്തിൽ വിവരിച്ചു. പരിക്കേറ്റവരെ ആംബുലൻസിൽപ്പോലും കയറ്റാൻ പോലീസ് തയ്യാറായില്ല. സമാധാനപരമായ പ്രതിഷേധത്തെ പോലീസ് ലാത്തികൊണ്ടും പെല്ലറ്റ് ഗണ്ണുകൾകൊണ്ടും നേരിട്ടെന്നും വിദ്യാർഥികൾ പറഞ്ഞു.

പ്രതിഷേധിച്ച വിദ്യാർഥികളെ മതത്തിന്റെ പേരിൽ വേർതിരിക്കുകയും ദേശവിരുദ്ധരായി മുദ്രകുത്താൻ ശ്രമിക്കുകയും ചെയ്ത അനുഭവങ്ങളും വിദ്യാർഥികൾ വിശദീകരിച്ചു. മുംബൈയിൽ പോലീസ് ബസ് തടഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ റിയ ആഹിറും രാഹുലിനൊപ്പമുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ നേരിടേണ്ടിവന്ന സൈബറാക്രമണത്തെക്കുറിച്ചും വിദ്വേഷ പരാമർശങ്ങളെക്കുറിച്ചും റിയ വിശദീകരിച്ചു.

ഈ ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദി ആഭ്യന്തരമന്ത്രി അമിത്ഷായാണെന്നും പാർലമെന്റിൽ വന്ന് മറുപടി പറയാൻപോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. സമരത്തിൽ പങ്കെടുത്തവരെ പോലീസ് അതിക്രൂരമായാണ് നേരിട്ടത്. വിദ്യാർഥികളെ ഭീഷണിപ്പെടുത്തി മാപ്പുപറയിക്കാനാണ് സർക്കാരിന്റെ ശ്രമം. അനീതിക്കെതിരേ പോരാടിയതിന്റെ പേരിൽ ആരോടും മാപ്പുപറയേണ്ടതില്ല. വിദ്യാർഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ചും ഭീഷണിപ്പെടുത്തിയും മാപ്പെഴുതിവാങ്ങുന്ന രീതി ജനാധിപത്യത്തിന് നാണക്കേടാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *