നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ബാലപാഠ കഥകളിലും സാരോപദേശ കഥകളിലുമെല്ലാം സ്ഥിരം കഥാപാത്രമാണ് കാക്കകൾ. കൂട്ടിൽ കുയിൽ മുട്ടയിട്ടതറിയാത്ത കഥയിലെ പോലെ അത്ര ബുദ്ധിയില്ലാത്ത ഒരു പക്ഷിയൊന്നുമല്ല കാക്കകൾ. മനുഷ്യർ ഒരുനാൾ ഇല്ലാതെപോയാൽ ഈ ഭൂമിയിൽ പ്രധാന ജീവിവർഗമായി മാറാവുന്നത്ര ബുദ്ധിശാലികളാണ് കാക്കകൾ എന്നാണ് ശാസ്‌ത്രലോകം പോലും കണക്കുകൂട്ടുന്നത്. ജർമ്മനിയിലെ ട്യുബിൻജൻ സർവകലാശാലയിലെ നാഡീരോഗ വിദഗ്ദ്ധനായ ആൻഡ്രിയാസ് നീഡർ അടുത്തിടെ നടത്തിയ പഠനത്തിൽ കാക്കകളെക്കുറിച്ച് അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തൽ നടത്തി. അവയ്‌ക്ക് ജ്യാമിതീയ രൂപങ്ങളെ തിരിച്ചറിയാനും പരിഹരിക്കാനും കഴിയും.
നാല് വശങ്ങളുള്ള രൂപങ്ങളെ കണ്ടാൽ ജ്യാമിതീയമായി ക്രമമായുള്ളവയെയും അതല്ലാത്തവയെയും കാക്കകൾക്ക് പെട്ടെന്ന് തിരിച്ചറിയാം. ഇതിനുമുൻപ് ഈ കഴിവ് മനുഷ്യരിൽ മാത്രമേ കണ്ടിട്ടുള്ളൂ. പ്രായമോ, സംസ്കാരമോ, വിദ്യാഭ്യാസമോ എന്ന വേർതിരിവില്ലാതെ മനുഷ്യരിൽ ജ്യാമിതീയമായ ക്രമബന്ധം തിരിച്ചറിയാൻ കഴിവുണ്ടെന്ന് മുൻപ് കണ്ടെത്തിയിരുന്നു. ഈ കഴിവാണ് ഇപ്പോൾ കാക്കകളും പ്രദർശിപ്പിക്കുന്നതായി തെളിഞ്ഞത്.
മറ്റ് ജന്തുക്കൾക്കും ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് ബോധമുണ്ടാകാം എന്ന് ആൻഡ്രിയാസ് നീഡർ പറയുന്നു. ‘ഈ കഴിവ് ഈ വർഗത്തിന് മാത്രമാണുള്ളതെന്ന് ഞാൻ പറയില്ല. കാരണം ഈ മേഖലയെക്കുറിച്ച് ഇപ്പോൾ മാത്രമാണ് പഠനങ്ങൾ നടക്കുന്നത്.’-നീഡർ വ്യക്തമാക്കുന്നു.
കാക്കകളുടെ ഗണിതശാസ്‌ത്രപരമായ കഴിവുകൾ അറിയാൻ പ്രത്യേക കമ്പ്യൂട്ടർ ഗെയിമുകൾ തയ്യാറാക്കി. ശേഷം കാക്കകളെക്കൊണ്ട് അവ കളിപ്പിക്കുകയാണ് ഗവേഷകർ ചെയ്‌തത്. ഒരിടത്ത് ആറ് തരം രൂപങ്ങൾ കാക്കകളെ കാണിക്കും ഇവയിൽ വ്യത്യസ്‌തമായവയെ കാക്കകൾ കൊത്തി കാണിച്ചാൽ പ്രതിഫലമായി ഭക്ഷണം നൽകുന്നതായിരുന്നു പരീക്ഷണരീതി.
അഞ്ചെണ്ണം ഒരു തരത്തിലും ഒരെണ്ണം വ്യത്യസ്‌തമായതുമായ സാധനങ്ങളുടെ ചിത്രമായിരുന്നു സ്‌ക്രീനിൽ ആദ്യം കാക്കകളെ കാണിച്ചത്. അവ കൃത്യമായി വ്യത്യസ്‌തമായ രൂപം കൊക്കുകൊണ്ട് തൊട്ടുകാണിച്ചു. സാധനങ്ങളെ കാക്ക വ്യക്തമായി മനസിലാക്കി എന്ന് കണ്ടെത്തിയപ്പോൾ വിവിധ ജ്യാമിതീയ രൂപങ്ങളെ അവയ്‌ക്ക് മുന്നിൽ അവതരിപ്പിച്ചു. ചതുരങ്ങൾ, സമാന്തര ചതുർഭുജങ്ങൾ, ക്രമരഹിതമായ ചതുർഭുജങ്ങൾ എന്നിവയാണ് ഉപയോഗിച്ചത്. അഞ്ചെണ്ണം ഒരു രൂപവും ആറാമതൊന്ന് വ്യത്യസ്‌തവുമായ തരത്തിലുള്ളവയെയാണ് കാക്കകൾക്ക് മുന്നിൽ അവതരിപ്പിച്ചത്. അവ കൃത്യമായി കൂട്ടത്തിൽ വ്യത്യസ്‌തമായതിൽ കൊത്തി.
സയൻസ് അഡ്‌വാൻസസ് എന്ന ശാസ്‌ത്ര ലേഖനത്തിൽ വന്ന കൗതുകകരമായ കാര്യം ഇവയ്‌ക്ക് വ്യത്യസ്‌ത ജ്യാമിതീയ രൂപങ്ങളെ മാത്രമല്ല സമാന്തരമായ രേഖകൾ, സമമിതി, ലംബകോണുകൾ എന്നിങ്ങനെ അൽപംകൂടി ശ്രദ്ധേയമായ കാര്യങ്ങളും വ്യക്തമായി മനസിലാകുന്നുണ്ട് എന്ന് കണ്ടെത്തലാണ്. പരീക്ഷണങ്ങളിലൂടെ തന്നെയാണ് ഇവ ഇക്കാര്യത്തിൽ കഴിവുള്ളതെന്ന് തെളിഞ്ഞത്.
‘ജ്യാമിതീയ രൂപങ്ങളെ മനുഷ്യരല്ലാതെ ഒരു ജീവികളും ഇത്ര വ്യക്തമായി തിരിച്ചറിയും എന്ന് കണ്ടെത്തിയിട്ടില്ല.’ -നീഡർ പറയുന്നു. മനുഷ്യരുൾപ്പെട്ട പ്രൈമേറ്റ് വിഭാഗത്തിൽ ബബൂണുകൾ എന്നതരം കുരങ്ങുകളിൽ ഈ പരീക്ഷണം നടത്തി. എന്നാൽ അവയ്‌ക്ക് വിജയിക്കാനായില്ല. ബബൂണുകൾക്ക് ഈ കഴിവ് വരുത്താൻ പരിശീലനത്തിന് ഒരുങ്ങിയെങ്കിലും അതും പരാജയപ്പെട്ടു.
കാക്കകളുടെ കഴിവ് തെളിയിക്കുന്നതാണ് ഈ പരീക്ഷണം എന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റ് ആയ മത്തേയാസ് സേബിൾ മേയർ പറയുന്നു. കാക്കകളിൽ മാത്രമല്ല മറ്റ് ജീവികളിലും ഈ കഴിവുണ്ടാകാം എന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഇവ തെളിയിക്കാൻ പരീക്ഷണങ്ങൾക്കായി ശാസ്‌ത്രലോകം മുന്നോട്ടുവരും എന്നാണ് മത്തേയാസ് സേബിൾ മേയർ പ്രതീക്ഷിക്കുന്നത്. 360 മില്യൺ വർഷങ്ങൾക്ക് മുൻപാണ് മറ്റ് ജീവികളിൽ നിന്നും വ്യത്യസ്‌തമായി പക്ഷികൾ പരിണമിച്ച് വന്നുതുടങ്ങിയത്. ഇത്രകാലങ്ങൾക്ക് ശേഷവും പിന്നീടുവന്ന മനുഷ്യരെപ്പോലെ ശക്തമായ ബുദ്ധിശക്തി കാക്കകൾ പ്രകടിപ്പിക്കുന്നതാണ് ശാസ്‌ത്രജ്ഞരിൽ കൗതുകമുണർത്തിയത്.
നമ്മൾ മനുഷ്യരെപ്പോലെ ബുദ്ധിയുള്ളവരാണ് കാക്കകൾ, കണക്കിലെ എണ്ണവും മറ്റും അവ മനസിലാക്കുമെന്നതിന് തെളിവ്