ഇസ്ളാമാബാദ്: പത്ത് വർഷത്തിനുശേഷം ജീവനക്കാർക്കായി പുതിയ യൂണിഫോം അവതരിപ്പിച്ച് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ യൂണിഫോം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ സോഷ്യൽ മീഡിയയിൽ പുതിയ യൂണിഫോമിന്റെ ലുക്കിനെപ്പറ്റിയൊന്നുമല്ല ചർച്ച. യൂണിഫോം മാറ്റുന്നതിനേക്കാൾ യാത്രക്കാരുടെ സൗകര്യങ്ങളും വിമാനങ്ങളുടെ നിലവാരവും മെച്ചപ്പെടുത്താനാണ് ശ്രദ്ധ നൽകേണ്ടതെന്നാണ് പലരും പ്രതികരിക്കുന്നത്.
ഈ മാസം 16ന് ഒമ്പത് ഡിസൈനർമാർ പങ്കെടുത്ത ഫാഷൻഷോയിലാണ് പുതിയ യൂണിഫോം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അവതരിപ്പിച്ചത്. പാകിസ്ഥാനിലെ പ്രമുഖ ഡിസൈനർമാരുടെ നിർദേശങ്ങളും പങ്കാളിത്തവും ഉൾപ്പെടുത്തിയാണ് ഡിസൈൻ തയ്യാറാക്കിയത്. ഡീപ് ഫോറസ്റ്റ് ഗ്രീൻ, സോഫ്റ്റ് ഗ്രേ-ബ്ലൂ എന്നീ രണ്ട് നിറങ്ങളാണ് പ്രധാനമായും യൂണിഫോമിൽ ഉപയോഗിച്ചിരിക്കുന്നത്. പുരുഷ ജീവനക്കാരുടെ യൂണിഫോമിൽ ടെയിലർ ചെയ്ത ജാക്കറ്റും ട്രൗസറും പാറ്റേൺ ചെയ്ത ടൈയും ഉൾപ്പെടുന്നു. വനിതാ ജീവനക്കാർക്ക് അനുയോജ്യമായ ട്രൗസറിനൊപ്പം ഫിറ്റഡ് വെയ്സ്റ്റ്കോട്ടും സ്കാർഫും ക്യാപ്പുമാണ് ഒരുക്കിയിരിക്കുന്നത്. 2016ലാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അവസാനമായി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുത്തിയത്.
എന്നാൽ പുതിയ യൂണിഫോം അവതരിപ്പിച്ചതിന് പിന്നാലെ എയർലൈൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. യൂണിഫോമിനേക്കാൾ വിമാനങ്ങളുടെ അറ്റകുറ്റപ്പണി, സർവീസ് നിലവാരം, യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം, കൃത്യനിഷ്ഠ എന്നിവ മെച്ചപ്പെടുത്തണമെന്നായിരുന്നു ചിലരുടെ പ്രതികരണം. വിമാനത്തിലെ സീറ്റുകളുടെ സൗകര്യം, വൃത്തി, ശുചിമുറികളിലെ വെള്ളത്തിന്റെ ലഭ്യത, വിനോദ സംവിധാനങ്ങൾ, യാത്രക്കാർക്ക് നൽകുന്ന പുതപ്പും തലയിണയും തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ചിലർ ആവശ്യപ്പെട്ടു. വിമാനത്തിലെ ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയുടെ ശുചിത്വവും ഉറപ്പാക്കണമെന്ന വിമർശനവും ഉയർന്നു.
യൂണിഫോം മാറ്റുന്നതിലൂടെ മോശം അവസ്ഥ മറച്ചുവയ്ക്കാനാകില്ലെന്നും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. കൃത്യനിഷ്ഠയും നല്ല യാത്രയും ഉറപ്പാക്കുന്നതിനേക്കാൾ മുൻഗണന ഇത്തരം ഫാഷൻ ഷോകൾക്ക് നൽകുന്നത് സമ്പത്തും സമയവും വിഭവവും പാഴാക്കുന്നതിനു തുല്യമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. യൂണിഫോമിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. പുതിയ യൂണിഫോം പാക് സംസ്കാരത്തെ ശരിയായി പ്രതിനിധീകരിക്കുന്നില്ലെന്നും രാജ്യാന്തരതലത്തിൽ വിശാലമായ കാഴ്ചപ്പാട് പുലർത്തണമെന്നുമാണ് നിർദേശങ്ങൾ.
അതേസമയം,കാലങ്ങളായി സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന എയർലൈൻസിന്റെ 75 ശതമാനം ഓഹരികൾ 2025ൽ ആരിഫ് ഹബീബ് കോർപ്പറേഷൻ നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന് 135 ബില്യൺ പാകിസ്ഥാൻ രൂപയ്ക്ക് വിറ്റിരുന്നു. തുടർന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അടുത്തിടെ അവരുടെ പ്രവർത്തനങ്ങളിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ധനച്ചെലവ് വർദ്ധിച്ചതിനെത്തുടർന്ന് യാത്രക്കാരുടെ ഇളവുകൾ പിൻവലിക്കുകയും ചില സർവീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
പുതിയ ലുക്കിൽ പാകിസ്ഥാൻ എയർലൈൻസ്; യൂണിഫോം മാറ്റിയിട്ട് കാര്യമില്ല, ആദ്യം വിമാനം നന്നാക്കൂ എന്ന് സോഷ്യൽ മീഡിയ