കർണാടകയിൽ വ്യാജമരുന്ന് റാക്കറ്റ്; 16 ഫാർമസി ലൈസൻസുകൾ റദ്ദാക്കി

ബെംഗളൂരു: കർണാടകയിലെ ബിഡടിയിൽ കണ്ടെത്തിയ വ്യാജമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് 16 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി. എട്ട് ഫാർമസികളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വ്യാജമരുന്നുകളുടെ വിതരണത്തിലും സപ്ലൈയിലും പങ്കാളികളായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.
ഓഗസ്റ്റ് 18-ന് ബിഡടിയിലെ കുരുബരകേരനഹള്ളിയിലുള്ള ഫാംഹൗസിൽ കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റെയ്ഡിലാണ് റാക്കറ്റ് കണ്ടെത്തിയത്. ഇവിടെനിന്ന് ഏകദേശം 5.05 കോടി രൂപ വിലമതിക്കുന്ന വ്യാജമരുന്നുകളും പാക്കേജിംഗ് സാമഗ്രികളും യന്ത്രങ്ങളും പിടിച്ചെടുത്തിരുന്നു.
മരുന്നുകൾ നിയമവിരുദ്ധമായി റീപാക്ക് ചെയ്ത് പുതിയ ലേബലുകൾ പതിപ്പിക്കാനാണ് ഫാംഹൗസ് ഉപയോഗിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മരുന്നുകൾ പുതിയ വിയലുകളിലേക്ക് മാറ്റി പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിലകൂടിയ ജീവൻരക്ഷാ മരുന്നുകളെന്ന പേരിൽ പുനർലേബൽ ചെയ്തതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വ്യാജ ലേബലുകളിൽ നൽകിയിരുന്ന ക്യുആർ കോഡുകളും സ്കാനിംഗ് കോഡുകളും പ്രവർത്തിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.ആകെ 24 ലൈസൻസുകൾക്കെതിരെയാണ് നടപടിയെടുത്തതെന്നും അതിൽ 16 എണ്ണം റദ്ദാക്കുകയും 8 എണ്ണം സസ്പെൻഡ് ചെയ്യുകയും ചെയ്തതായി കർണാടക എഫ്ഡിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അവ താഴെ പറയുന്നവയാണ്:
ലൈസൻസ് റദ്ദാക്കിയവ — 16
1. അവെസ്കോ ഹെൽത്ത് കെയർ — ബെംഗളൂരു — മൊത്തവ്യാപാരം
2. ബെംഗളൂരു സ്പെഷ്യാലിറ്റി ഫാർമ — ശിവാജി നഗർ, ബെംഗളൂരു — മൊത്തവ്യാപാരം
3. ബെംഗളൂരു സ്പെഷ്യാലിറ്റി ഫാർമ — മ്യൂസിയം റോഡ്, ബെംഗളൂരു — മൊത്തവ്യാപാരം4. പട്ടേൽ മെഡി ട്രേഡ് — ഗുബ്ബലാല, ബെംഗളൂരു — മൊത്തവ്യാപാരം
5. രാജരാജേശ്വരി ഫാർമ — രാജരാജേശ്വരി നഗർ, ബെംഗളൂരു — മൊത്തവ്യാപാരം
6. എൻ.എസ്. ഫാർമ — ഹുബ്ബള്ളി — മൊത്തവ്യാപാരം
7. സൂര്യ സ്പെഷ്യാലിറ്റി ഫാർമ — കുമാരസ്വാമി ലേഔട്ട്, ബെംഗളൂരു — മൊത്തവ്യാപാരവും ചില്ലറവ്യാപാരവും
8. എസ്.ഡബ്ല്യു.എസ്. ഫാർമ — കെ.ജി. ഹള്ളി, ബെംഗളൂരു — മൊത്തവ്യാപാരം
9. കൃപ ഹെൽത്ത് കെയർ — മാവള്ളി, ബെംഗളൂരു — മൊത്തവ്യാപാരം10.സെന്റ് ഫിലോമിന ഹോസ്പിറ്റൽ ഡ്രഗ് സെന്റർ (മെയിൻ ഫാർമസി) — ബെംഗളൂരു — മൊത്തവ്യാപാരവും ചില്ലറവ്യാപാരവും
11. സാഗർ ഫാർമ (സാഗർ ഹെൽത്ത് കെയർ ആൻഡ് ഡയഗ്നോസ്റ്റിക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡിവിഷൻ) — ബെംഗളൂരു — മൊത്തവ്യാപാരവും ചില്ലറവ്യാപാരവും
12. സൈമസ് ഫാർമ — രഘുവനഹള്ളി, ബെംഗളൂരു — ചില്ലറവ്യാപാരം
13.ഫോർച്യൂൺ മെഡിക്കൽ സൊല്യൂഷൻസ് — ബി.എസ്.കെ. മൂന്നാം ഘട്ടം, ബെംഗളൂരു — മൊത്തവ്യാപാരം
14.എക്സൽ കെയർ ഫാർമ — ബി.എസ്.കെ. രണ്ടാം ഘട്ടം, ബെംഗളൂരു — മൊത്തവ്യാപാരം15.പട്ടേൽ മെഡിക്കൽസ് — പത്മനാഭനഗർ, ബെംഗളൂരു — ചില്ലറവ്യാപാരം
16.ബെംഗളൂരു സ്പെഷ്യാലിറ്റി ഫാർമ — ചാമരാജ്പേട്ട്, ബെംഗളൂരു — മൊത്തവ്യാപാരം
ലൈസൻസ് സസ്പെൻഡ് ചെയ്തവ — 8
17. മെഡ് ഫാർമ — ദൊഡ്ഡകമ്മനഹള്ളി, ബെംഗളൂരു — മൊത്തവ്യാപാരം
18. സൂര്യ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ — ബൊമ്മസാന്ദ്ര, ബെംഗളൂരു — മൊത്തവ്യാപാരം
19. സാഗർ ഫാർമ (യൂണിറ്റ്-II) — തിലക് നഗർ, ബെംഗളൂരു — മൊത്തവ്യാപാരവും ചില്ലറവ്യാപാരവും
20. വിവന്ത ഫാർമസ്യൂട്ടിക്കൽസ് — ജയനഗർ, ബെംഗളൂരു — മൊത്തവ്യാപാരം21. മാരുതി മെഡിക്കൽസ് — വിജയനഗർ, ബെംഗളൂരു — മൊത്തവ്യാപാരം
22. വിവ ഫാർമ — ബെലഗാവി — മൊത്തവ്യാപാരം
23. ഹൈ-5 ഫാർമ — കെ.ജി. ഹള്ളി, ബെംഗളൂരു — മൊത്തവ്യാപാരവും ചില്ലറവ്യാപാരവും
24. ഫൈസർ ലിമിറ്റഡ് — കെമ്പനലിംഗനഹള്ളി, നെലമംഗല, ബെംഗളൂരു റൂറൽ — മൊത്തവ്യാപാരം
വ്യാജമരുന്നുകളുടെ വിൽപ്പനയിലും വിതരണത്തിലും ഉൾപ്പെട്ടിട്ടുള്ള ചില്ലറ/മൊത്ത വ്യാപാരികൾക്കെതിരെയാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് എഫ്ഡിഎ അറിയിച്ചു.
പിടിച്ചെടുത്തവ
5,640 വിയൽ സെഫിയാവിജന്റ് 2.5 ഇൻജക്ഷൻ, 1,531 വിയൽ ഹിസ്ലാം ഇൻജക്ടബിളുകൾ, ഫൈസർ ലേബലോട് കൂടിയ 264 വിയൽ എംബ്ലാവിയോ എന്നിവ കൂടാതെ മറ്റ് ഇൻജക്ഷൻ മരുന്നുകൾ, കാലാവധി കഴിഞ്ഞ 30 ബോക്സ് മരുന്നുകൾ, ഇൻജക്ഷൻ നിറയ്ക്കുന്ന യന്ത്രങ്ങൾ, വ്യാജ ലേബലുകൾ, സ്റ്റാമ്പുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പിടിച്ചെടുത്ത സാമഗ്രികളുടെ ആകെ കണക്കാക്കിയ മൂല്യം 5.05 കോടി രൂപ വരും.കൂടുതൽ വിൽപ്പനയോ വിതരണടമോ തടയുന്നതിനായി പ്രസ്തുത മരുന്നുകളുടെ ബാച്ച് നമ്പറുകൾ എഫ്ഡിഎ തങ്ങളുടെ പോർട്ടലിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. രാസഘടന, ശുദ്ധി, വീര്യം എന്നിവ പരിശോധിക്കുന്നതിനായി പിടിച്ചെടുത്ത മരുന്നുകളുടെ സാമ്പിളുകൾ സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗലയിലുള്ള കെമ്പനലിംഗനഹള്ളിയിലെ ഫൈസർ സി ആൻഡ് എഫ് ഡിപ്പോയുടെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മാറ്റിക്സ് ആക്ട് പ്രകാരം ക്രിമിനൽ നടപടികൾ ആരംഭിച്ചതായി എഫ്ഡിഎ അറിയിച്ചു. സെക്ഷൻ 17 ബി പ്രകാരം ഈ മരുന്നുകളെ വ്യാജ മരുന്നുകളായി തരംതിരിച്ചിട്ടുണ്ട്. ഇവയുടെ നിർമ്മാണം, വിൽപ്പന, സ്റ്റോക്ക് ചെയ്യൽ അല്ലെങ്കിൽ വിതരണം എന്നിവയിൽ ഉൾപ്പെടുന്ന കുറ്റങ്ങൾക്ക് സെക്ഷൻ 27 പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
വ്യാപകമായ വിതരണ ശൃംഖല കണ്ടെത്താനും റാക്കറ്റിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് വ്യക്തികളെ തിരിച്ചറിയാനുമായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (SIT) അന്വേഷണം തുടരുകയാണ്.
അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം മരുന്നുകൾ വാങ്ങണമെന്നും സാധുവായ ബില്ലുകൾ നിർബന്ധമായും ആവശ്യപ്പെടണമെന്നും എഫ്ഡിഎ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംശയാസ്പദമായ പാക്കേജിംഗോ സ്കാൻ ചെയ്യാത്ത ക്യുആർ കോഡുകളോ ശ്രദ്ധയിൽ പെട്ടാൽ ഉപഭോക്താക്കൾ ഡ്രഗ് എൻഫോഴ്സ്മെന്റ് അധികാരികളെ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാർമസികൾക്കെതിരായ നടപടിയോട് പ്രതികരിച്ചുകൊണ്ട്, അന്വേഷണത്തിൽ വലിയൊരു ശൃംഖലയാണ് പുറത്തുവന്നതെന്നും മറ്റ് സംസ്ഥാനങ്ങളിലെ റാക്കറ്റുകളുമായുള്ള ബന്ധവും സർക്കാർ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രി യു.ടി. ഖാദർ വ്യക്തമാക്കി.സർക്കാരുമായി ഫൈസർ സഹകരിച്ചില്ലെന്നും എന്നാൽ ഒരു അന്താരാഷ്ട്ര കമ്പനിയാണെങ്കിലും അന്വേഷണത്തിന്റ ഭാഗമായി അധികൃതർ അവരുടെ സ്റ്റോക്ക് പിടിച്ചെടുത്തതായും ഖാദർ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകൾ സുരക്ഷിതമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *