റഷ്യൻ സൈന്യത്തിലെ കമാൻഡറുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

മോസ്കോ∙ റഷ്യൻ സൈന്യത്തിനുള്ളിൽ നടക്കുന്ന ക്രൂരതയുടേതെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നു. സ്ത്രീകളുടെ വസ്ത്രം ധരിച്ച സൈനികനെയും അദ്ദേഹത്തെ മർദിക്കുന്ന കമാൻഡറുടെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

സൈനികർക്ക് ഒളിച്ചിരിക്കാനായി കണ്ടെത്തിയ കുഴി പോലെ തോന്നിക്കുന്ന പ്രദേശത്താണ് ഇരുവരുമുള്ളത്. കുഴിയുടെ ഒരു വശത്ത് സ്ത്രീകളുടെ വസ്ത്രം ധരിച്ച സൈനികൻ ഇരിക്കുന്നു. അദ്ദേഹത്തെ ബലമായി പിടിച്ചാണ് കമാൻഡർ മർദിക്കുന്നത്. സൈനികനെ നിർബന്ധിച്ച് സ്ത്രീകളുടെ വേഷം ധരിപ്പിച്ചതാണെന്ന് ആരോപണമുയരുന്നുണ്ട്.

മർദിക്കുന്നതിന് മുൻപ് ഇതാ നമ്മുടെ പെൺകുട്ടി (So, our girl) എന്ന് കമാൻഡർ പല വട്ടം കീഴുദ്യോഗസ്ഥനെ പരിഹസിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. ‘നാളെ നീ ആ മരണക്കെണിയിലേക്ക് (യുദ്ധമുഖത്തേക്ക്) ഇറങ്ങുകയാണ്. നിനക്ക് ഈ വസ്ത്രം തന്നെ ഇട്ടു പോകാം, മനസ്സിലായോ?’ – എന്ന് കമാൻഡർ പറയുന്നതും വിഡിയോയിൽ ഇടംപിടിച്ചിട്ടുണ്ട്.

സ്വന്തം ട്രൂപ്പിലെ അംഗങ്ങളെ തന്നെ കമാൻഡർമാർ ക്രൂരമായി ശിക്ഷിക്കുന്നതായി പലവട്ടം റഷ്യൻ സൈനികർക്കെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഉത്തരവുകൾ അനുസരിക്കാത്തതിനും ദീർഘകാലത്തേക്ക് സിക്ക് ലീവ് എടുക്കുന്നതിനുമെല്ലാം ഇത്തരത്തിൽ ശിക്ഷ കിട്ടുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

ജൂലൈയിലും സമാനമായി റഷ്യൻ സൈനികർ നേരിടുന്ന പീഡനത്തിന്റെ വിഡിയോ പുറത്തുവന്നിരുന്നു. അന്ന് രണ്ട് സൈനികരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കെട്ടിയിട്ട് മർദിക്കുന്നതായിരുന്നു വിഡിയോയിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *