വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തു; 2017ല്‍ ബകാര്‍ഡി കമ്പനിയുടെ നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ്, കത്ത് പുറത്ത്

 

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി വിവാദത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. 2017ല്‍ ബകാര്‍ഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ് ആണെന്നും വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. വീര്യം കുറഞ്ഞ മദ്യം അപകടമാണെന്ന് എക്‌സ്സൈസ് കമ്മിഷണര്‍ ആയിരുന്ന ഋഷിരാജ് സിംഗ് കത്ത് നല്‍കുകയായിരുന്നു. 2018 ആഗസ്റ്റ് 13ന് നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് ആണ് പുറത്ത് വന്നത്.

വീര്യം കുറഞ്ഞ മദ്യം സ്‌കൂള്‍ കുട്ടികള്‍ ശീതള പാനീയം പോലെ ഉപയോഗിക്കുമെന്നു കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് വീര്യം കൂടിയ മദ്യത്തിലേക്കുള്ള ചവിട്ടു പടിയാകും. വീര്യം കുറവാണെങ്കിലും മദ്യം തന്നെയാണെന്നും ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ എക്‌സ്സൈസ് കമ്മിഷണറുടെ നിലപാട് മാറ്റാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കത്തെഴുതുകയായിരുന്നു. വീര്യം കുറഞ്ഞ മദ്യം, മദ്യാസക്തി ഉണ്ടാക്കുന്നതിന് തെളിവില്ലെന്നായിരുന്നു അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ നിലപാട്. 2017ല്‍ ബാകാര്‍ഡി കമ്പനി അന്നത്തെ മന്ത്രി ടി പി രാമകൃഷ്ണന് നല്‍കിയ കത്തിലാണ് ഈ നടപടികള്‍ ഉള്ളത്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ ബെവ്കോ സമ്മതം അറിയിച്ചിരുന്നു. എക്‌സ്സൈസ് അനുവദിച്ചാല്‍ ബകാര്‍ഡി ബ്രീസര്‍ വില്‍ക്കാന്‍ എതിര്‍പ്പില്ലെന്നായിരുന്നു ബെവ്‌കോയുടെ നിലപാട്.

 

Leave a Reply

Your email address will not be published. Required fields are marked *