റിഗ: ലണ്ടനിൽ സ്‌കൂൾ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വന്തം നാട്ടിലേക്ക് കടന്നുകളഞ്ഞ ലാത്വിയക്കാരൻ രണ്ട് വർഷത്തിന് ശേഷം പിടിയിൽ. 2024 ജൂണിൽ കോവെൻട്രിയിലെ റാഡ്ഫോർഡ് റോഡിലായിരുന്നു അപകടം. ഡോളാർസ് അലക്‌സാണ്ടേഴ്‌സ് (23) ആണ് 12കാരനായ കീറ്റൺ സ്ലേറ്ററെ ബിഎംഡബ്ല്യു കാറിടിച്ച് കൊലപ്പെടുത്തിയത്.
ലണ്ടനിൽ അപകടമുണ്ടാക്കിയ ശേഷം രണ്ട് വർഷമായി ഒളിവിലായിരുന്ന ഡോളാർസ് അലക്‌സാണ്ടേഴ്‌സിനെ കഴിഞ്ഞ മാസമാണ് ലാത്വിയയിൽ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് വെസ്റ്റ് മിഡ്‌ലാൻഡ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്നലെ ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ കസ്റ്റഡി ബ്ലോക്കിലേക്ക് കൊണ്ടുപോയി. ശേഷം ബർമിംഗ്‌ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കീറ്റൺ സ്ലേറ്ററിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ഡോളാർസ് അലക്‌സാണ്ടേഴ്‌സിനെതിരെ കേസെടുത്തത്. ഡോളാർസിന്റെ അപകടകരമായ ഡ്രൈവിംഗാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലാത്വിയൽ അധികാരികളുടെ സഹായത്തോടെയാണ് അലക്‌സാണ്ടേഴ്‌സിനെ വെസ്റ്റ് മിഡ്‌ലാൻഡ് പൊലീസ് യുകെയിലെത്തിച്ചത്.