പോക്‌സോ കേസ്; കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റിൽ, പിടികൂടിയത് സാഹസികമായി

സുൽത്താൻ ബത്തേരി: അന്തർ സംസ്ഥാന ലഹരി സൃഘയിലെ പ്രധാന കണ്ണിയും പോക്‌സോ കേസ് പ്രതിയുമായ സാഗേഷ് കുമ്പാളി അറസ്റ്റിൽ. ഒളിവിൽ കഴിയവെ ബത്തേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇയാൾ സജീവമായിരുന്ന ഇയാൾ റോളക്സ് എന്ന സിനിമാ കഥാപാത്രത്തെ അനുകരിക്കാറുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പതിനഞ്ചോളം കേസുകളിൽ പ്രതിയായ സാഗേഷ് കഞ്ചാവ് കൈവശം വെച്ചതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഒന്നരമാസമായി ഇയാളെ അന്വേഷിക്കുകയാണ് പൊലീസ്. എലത്തൂർ ഇൻസ്‌പെക്ടർ കെ. ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി പിടികൂടിയത്. സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥികളുമായി സൗഹൃദം സ്ഥാപിച്ചാണ് പെൺകുട്ടികളെ വലയിലാക്കുന്നത്. പിന്നീട് ലോഡ്ജിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിക്കുകയായിരുന്നു. ക്വട്ടേഷൻ സംഘങ്ങൾക്കും മാർഷ്യൽ ആർട്സ്, ജിം മേഖലയുമായി ബന്ധപ്പെട്ടവർക്കും സാഗേഷ് ലഹരി വിൽപ്പന നടത്തുന്നുണ്ട്.

വധശ്രമം അടക്കം നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. ‘ഓപ്പറേഷൻ റോളക്സ്’ എന്ന പേരിലാണ് എലത്തൂർ പൊലീസും സൈബർ സെല്ലും അന്വേഷണം നടത്തിയത്. നിരവധി ടവർ ലൊക്കേഷനുകളും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സാഗേഷിന്റെ അറസ്റ്റോടെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *