പത്തനംതിട്ട ∙ നെൽവയലുകളും തണ്ണീർത്തടങ്ങളും പരമാവധി സംരക്ഷിച്ചുള്ള നഗരാസൂത്രണമാണ് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചതെന്ന് ജില്ലാ ടൗൺ പ്ലാനിങ്ങിന്റെ പഠനം. തോടുകളും പാടങ്ങളും നികത്തിയുള്ള വികസനം റാന്നി ടൗണിൽ വെള്ളപ്പൊക്കസാധ്യത വർധിപ്പിച്ചതായും പഠനം വിലയിരുത്തുന്നു. കോന്നി, സീതത്തോട്, ചിറ്റാർ തുടങ്ങിയ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്തുള്ള നിർമാണങ്ങളും അടൂർ താലൂക്കിൽ മിന്നലിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്ന നിർമാണരീതികളും ടൗൺ പ്ലാനിങ് നിർദേശിക്കുന്നു.
ബണ്ട് റോഡ് നിർമിച്ചു; കണ്ണങ്കര തോടിന്റെ ഗതി മാറ്റി
മുൻകാലങ്ങളിൽ അച്ചൻകോവിലാർ കരകവിഞ്ഞാൽ പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് പതിവായിരുന്നു. കണ്ണങ്കര തോട്ടിലൂടെ എത്തുന്ന ജലം അബാൻ മുതൽ മിനി സിവിൽ സ്റ്റേഷൻ പടി വരെയും എസ്പി ഓഫിസുള്ള താഴെവെട്ടിപ്രം ഭാഗവും വെള്ളത്തിനടിയിലാകുമായിരുന്നു. അഴൂർഭാഗത്തുനിന്ന് എത്തിയ വെള്ളം മാർക്കറ്റും പൊലീസ് സ്റ്റേഷനും പിന്നിട്ട് സെൻട്രൽ ജംക്‌ഷൻ വരെ എത്തിയ സന്ദർഭങ്ങളുമുണ്ട്. സ്റ്റേഡിയം ഭാഗത്തുകൂടി ഒഴുകിയെത്തിയ വെള്ളം കോളജ് ജംക്‌ഷൻ മുതൽ ഹെഡ് പോസ്റ്റ് ഓഫിസ് പടി വരെയും വ്യാപിച്ചിരുന്നു.
നഗരത്തെ വെള്ളപ്പൊക്കത്തിൽനിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി അബാൻ മുതൽ സ്റ്റേഡിയം ജംക്‌ഷൻ വരെയുള്ള ബണ്ട് റോഡാണ് ആദ്യം നിർമിച്ചത്. ജില്ലാ മൃഗാശുപത്രി, മേരിമാതാ പള്ളി, കോഓപ്പറേറ്റീവ് കോളജ് എന്നിവയുടെ ഭാഗത്തുകൂടിയായിരുന്നു നേരത്തെ കണ്ണങ്കര തോട് ഒഴുകിയിരുന്നത്. കല്ലറക്കടവ് പാലം വരെ പുതിയ തോട് നിർമിച്ച് അതിന്റെ ഗതി മാറ്റി. 2018-ലെ പ്രളയത്തിനുശേഷം നഗരങ്ങളെ വെള്ളപ്പൊക്കത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ നടന്ന സെമിനാറിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് 3 പേർ പങ്കെടുത്തു. അവരിൽ ഒരാളായിരുന്നു നിലവിലെ പത്തനംതിട്ട ജില്ലാ ടൗൺ പ്ലാനർ ജി.അരുൺ കുമാർ. റിങ് റോഡിന് സമീപത്തെ നെൽവയലുകൾ ജലസംഭരണികളായി നിലനിർത്തിക്കൊണ്ടുള്ള നഗരാസൂത്രണത്തിന്റെ പ്രാധാന്യം ആ സെമിനാർ കൂടുതൽ ബോധ്യപ്പെടുത്തിയതായി അദ്ദേഹം പറയുന്നു.
പമ്പ കരകവിഞ്ഞാൽ റാന്നി ടൗണിലെ ചെത്തോങ്കര മുതൽ റാന്നി പാലം വരെയുള്ള ഭാഗങ്ങൾ വെള്ളപ്പൊക്കബാധിതമാകുന്നു. പമ്പയിലെ വെള്ളം വലിയതോട്ടിലൂടെയാണ് ഇട്ടിയപ്പാറ ടൗണിലേക്ക് എത്തുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാപ്പിൽ ജില്ലയിൽ വിവിധ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.