‘ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമില്ല,​ അവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്’

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനം ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്നവരുടെ നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളത്തിലെ സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവമെന്ന് കരുതുക. ഇത് മാത്രമല്ല കേരളത്തിലെ എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുക അതാണ് ലക്ഷ്യം. പ്രതികളും ഗുണ്ടകളും ജനങ്ങളെ സമാധാനപരമായി ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ ശക്തമായ നടപടിയെടുക്കും. ഈ കാര്യത്തിൽ ഇനി ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഓണക്കാലം കൂടി വരികയാണ്. ഓണക്കാലത്ത് ജനജീവിതത്തെ അപകടത്തിലാക്കാമെന്ന് ഒരു ഗുണ്ടയും കരുതേണ്ട.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഗുണ്ടകളുടെയും കാപ്പ കേസ് പ്രതികളുടെയും ലിസ്റ്റ് ഉണ്ട്. ഇവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. കേരളം ഗുണ്ടകളുടെ പറുദീസയല്ല. കുറെ ആളുകൾ മനഃപൂർവം കുഴപ്പങ്ങൾ ഉണ്ടാക്കാൻ നോക്കുകയാണ്. ഇത് എല്ലാ ഗുണ്ടകൾക്കും ഒരു പാഠമാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഇന്നലെ പിണറായി വിജയൻ തന്നെ അർജുൻ ആയങ്കിനെ തള്ളിപ്പറഞ്ഞില്ലേ?​ പിന്നെ അതിനെതിരെ എന്തിന് അന്വേഷണം നടത്തണം. ഇത്തരം ആളുകളെ ആരും സംരക്ഷിക്കില്ല’- രമേശ് ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *