വാഷിംഗ്‌ടൺ: ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താൻ നിലവിലുള്ള 60 ദിവസത്തെ സാവകാശം അവസാനിപ്പിക്കാനൊരുങ്ങി യുഎസ് ഭരണകൂടം. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബഡ്ജറ്റിന്റെ പരിഗണനയിലാണ് നിർദ്ദേശം. വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിയമം നടപ്പിലായാൽ, ബാധിക്കപ്പെടുന്ന തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും യുഎസ് വിട്ട് ഉടൻ തന്നെ മടങ്ങേണ്ടി വരും. അംഗീകൃത താമസ കാലാവധി അവസാനിക്കുന്നതിന് മുൻപ് ജോലി നഷ്ടപ്പെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന 60 ദിവസത്തെ ഇളവാണ് ഇതുവഴി എടുത്തുകളയുന്നത്.
യുഎസിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ നീക്കം നിർണായകമാണ്. എച്ച്1ബി വിദഗ്ധ തൊഴിലാളി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യൻ പൗരന്മാരാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസിന്റെ കണക്കുപ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ അംഗീകരിക്കപ്പെട്ട എച്ച്1ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യയിൽ ജനിച്ചവർക്കുവേണ്ടിയുള്ളതായിരുന്നു. യുഎസ് സെൻസസ് ഡാറ്റയനുസരിച്ച് 52 ലക്ഷത്തിലധികം ഇന്ത്യൻ വംശജരാണ് നിലവിൽ അമേരിക്കയിൽ താമസിക്കുന്നത്.
എന്താണ് നിലവിലുള്ള 60 ദിവസത്തെ നിയമം?
തൊഴിൽ നഷ്ടപ്പെടുന്ന ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിനായി 2017ലാണ് അമേരിക്ക ഈ നിയമം കൊണ്ടുവന്നത്. തൊഴിൽ നഷ്ടപ്പെടുന്ന നോൺഇമിഗ്രന്റ് തൊഴിലാളികൾക്ക് 60 ദിവസത്തെയോ അല്ലെങ്കിൽ അവരുടെ അംഗീകൃത വിസ കാലാവധി അവസാനിക്കുന്നത് വരെയോ ഈ നിയമപ്രകാരം, (ഏതാണോ ആദ്യം വരുന്നത്) യുഎസിൽ തുടരാം. E-1, E-2, E-3, H-1B, H-1B1, L-1, O-1, TN തുടങ്ങിയ വിവിധ വിസ വിഭാഗങ്ങളിൽ പെട്ട തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ആനുകൂല്യം ലഭിക്കുന്നുണ്ട്
പുതിയ തൊഴിൽ കണ്ടെത്താനും, പുതിയ വിസയ്ക്ക് അപേക്ഷിക്കാനും അല്ലെങ്കിൽ അമേരിക്കയിൽ നിയമപരമായി തുടരാനുള്ള മറ്റ് വഴികൾ തേടാനും ഈ 60 ദിവസത്തെ സമയം തൊഴിലാളികൾക്ക് നിർണായകമായിരുന്നു. എന്നാൽ പുതിയ നിയമം നിലവിൽ വന്നാൽ, ജോലി നഷ്ടപ്പെട്ടുകഴിഞ്ഞാൽ യുഎസിനുള്ളിൽ വച്ച് മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ വിസ സ്റ്റാറ്റസ് മാറ്റാനോ തൊഴിലാളികൾക്ക് സാധിക്കില്ല. യുഎസ്‌സിഐഎസിന്റെ പ്രത്യേക ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ ഇതിന് മാറ്റമുണ്ടാകൂ. എച്ച്1ബി വിസക്കാർക്ക് പുറമെ മുകളിൽ പറഞ്ഞ മറ്റ് വിസ വിഭാഗങ്ങളിലുള്ളവരെയും പുതിയ നിയമം ബാധിക്കും