തിരുവനന്തപുരം ∙ കേരളത്തിലെ പല പ്രമുഖർക്കും ഡോക്ടറേറ്റ് നൽകാൻ തലസ്ഥാനത്തിന് സമീപം പെട്ടിക്കട. ഒരു പ്രമുഖ സാമുദായിക സംഘടനയുടെ ബിനാമി പേരിൽ ആരംഭിച്ചിട്ടുള്ള ഒരു സംഘമാണ് ഇതിന് പിന്നിൽ പതിനയ്യായിരം രൂപ മുതൽ മുപ്പതിനായിരം രൂപ വരെ വാങ്ങി ഹോണററി ഡോക്ടറേറ്റ് നൽകും. സർട്ടിഫിക്കറ്റും ട്രോഫിയുമാണ് ഇത്തരത്തിൽ നൽകുന്നത്. അടുത്തിടെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ഹാളെടുത്ത് 20 പേർക്ക് ഇത്തരത്തിൽ ഡോക്ടറേറ്റ് നൽകിയതിനെ കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ ഇതിന്മേൽ അന്വേഷണം ഉണ്ടായേക്കും. ഇതിന് സമാനമായി ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകളിൽനിന്നു പണം നൽകി പിഎച്ച്ഡി നേടാൻ സഹായിക്കുന്ന സംഘത്തിന് കേരളത്തിൽ നേതൃത്വം നൽകുന്നത് നിയമസഭയിലെ ഉന്നത തസ്തികയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ. ഇങ്ങനെ പണം നൽകി പിഎച്ച്ഡി സ്വന്തമാക്കിയവർ സംസ്ഥാനത്തുണ്ട്.
രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് ഝബർമാൽ തിബ്രേവാല (ജെജെടി), ഭഗവന്ത്, സൺറൈസ്, മധ്യപ്രദേശിലെ വിക്രാന്ത് സർവകലാശാലകളിൽ നിന്ന് പിഎച്ച്ഡി നേടാൻ ഈ ഉദ്യോഗസ്ഥൻ പലരെയും സഹായിച്ചതായും പണം വാങ്ങിയതായും സൂചനയുണ്ട്. ഇതിലെ ജെജെടി, സൺറൈസ് സർവകലാശാലകൾ മാനദണ്ഡങ്ങൾ പാലിക്കാതെ, ഒട്ടേറെ പേർക്ക് പിഎച്ച്ഡി നൽകിയതിനു വിലക്ക് നേരിടുകയാണ്. 5 വർഷത്തേക്ക് പിഎച്ച്ഡി പ്രവേശനം നൽകരുതെന്നാണ് യുജിസിയുടെ നിർദേശം.
5 വർഷത്തിനകം ആരംഭിച്ച ഉത്തരേന്ത്യയിലെ സ്വകാര്യ സർവകലാശാലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പിഎച്ച്ഡി സംഘം പ്രവർത്തിക്കുന്നത്. പിഎച്ച്ഡി പൂർത്തിയാക്കാൻ ആവശ്യമായ കുറഞ്ഞ സമയമായ 3 വർഷ കാലാവധി പൂർത്തിയാകുന്നതിന് മുൻപും ഇവർ പിഎച്ച്ഡി സംഘടിപ്പിച്ചു നൽകും. റജിസ്ട്രേഷൻ തീയതി മുൻകാല പ്രാബല്യത്തോടെ നൽകി, സർവകലാശാലകളുടെ സഹകരണത്തോടെയാണ് ഈ തട്ടിപ്പ്.
വിലപേശിയാൽ തുക കുറയും
വിലപേശിയാൽ തുക കുറയ്ക്കാനും പിഎച്ച്ഡി സംഘം തയാർ. ആദ്യ ചർച്ചയിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ 4 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ ഫോൺ സംഭാഷണത്തിൽ 3.5 ലക്ഷം മതിയെന്നു സമ്മതിച്ചു.
സർവകലാശാലകളെക്കുറിച്ച് ആശങ്ക വേണ്ടെന്നും വേണ്ടപ്പെട്ടവരാണ് അവിടെ ഉള്ളതെന്നുമുള്ള ഉറപ്പുമുണ്ട്. മധ്യപ്രദേശിലെ മഹാകൗശൽ, ഗ്യാൻവീർ, ഉത്തർപ്രദേശിലെ മംഗളായതൻ, മേഘാലയയിലെ വില്യം കാരി സർവകലാശാലകളുടെ പട്ടികയാണ് സംഘം നൽകിയത്. തുടക്കത്തിൽ 10,000 രൂപ നൽകി റജിസ്ട്രേഷൻ നടത്തണമെന്നും ബാക്കി തവണകളായി നൽകിയാൽ മതിയെന്നും ഇവർ അയച്ച സന്ദേശത്തിൽ പറയുന്നു.