മെസി വിവാദം: സർക്കാർ ഫയലുകളിൽ പലതും ലഭ്യമല്ല

തിരുവനന്തപുരം: മെസി വിവാദത്തിൽ പല സർക്കാർ ഫയലുകളും ലഭ്യമല്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പോൺസർ പണം നൽകിയോ ഇല്ലയോ എന്നതല്ല വിഷയം. പരിപാടിക്കായി സ്വകാര്യ ഇവന്റ് മാനേജ്മെന്റിനെ തിരഞ്ഞെടുത്തതിലടക്കം പല കാര്യങ്ങളിലും വ്യക്തതക്കുറവുണ്ട്. അതെല്ലാം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മെസി വിഷയത്തിൽ സർക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

 

അതേസമയം, മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവത്തിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാർ ഇടപെട്ടതായുള്ള വിവരം പുറത്തുവന്നു. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്‌ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് സർക്കാർ കത്തയച്ചു. അർജന്റീനയുടെ പിന്മാറ്റം സർക്കാരിനും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് കായിക വകുപ്പ് സെക്രട്ടറി അയച്ച കത്തിൽ പറയുന്നത്.

 

സ്പോൺസർ ഫീസ് അടയ്‌ക്കാൻ വൈകിയതിന് എഎഫ്എ ഈടാക്കിയ നഷ്‌ടപരിഹാരം ഒഴിവാക്കണമെന്നും അംബാസഡർ അടിയന്തരമായി ഇടപെടണമെന്നുമാണ് കത്തിൽ പറയുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും കത്തിലുണ്ട്. 2025 ജൂലായ് ഏഴിനാണ് കത്ത് അയച്ചിരിക്കുന്നത്. സർക്കാരിന്റെ സൽപ്പേരിനെ ബാധിക്കുമെന്നും ഫണ്ട്‌ ശേഖരണം പ്രതിസന്ധിയാകുമെന്നും കത്തിൽ പറയുന്നുണ്ട്. അർജന്റീന ടീമിന്റെ വരവ് സർക്കാർ ഉൾപ്പെട്ട ത്രികക്ഷി ഏർപ്പാട് ആണെന്നും കത്തിൽ സമ്മതിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *