കൊല്ലം: മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം കൊട്ടാരക്കര മൂഴിക്കോടിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽ കുമാറിനെ (41) പൊലീസ് പിടികൂടി.
ഇന്നലെ വൈകിട്ട് ആറുമണിക്കും രാത്രി 11.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സുനിൽ കുമാറിന്റെ വീട്ടിലാണ് കൊല നടന്നത്. ആദർശും സുനിൽകുമാറും ഇവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു. സുനിൽ കുമാർ മറ്റൊരു സ്ഥലത്തുനിന്ന് ഇവിടെയെത്തി താമസിച്ചുവരികയായിരുന്നു. സുനിൽ കുമാറിനെ ‘വരത്തൻ’ എന്ന് ആദർശ് പരാമർശിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ടാണ് ആദർശിനെ വെട്ടികൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
കൊല നടന്ന് മൂന്ന് മണിക്കൂറിനുശേഷം സുനിൽ കുമാർ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. നിലവിൽ പ്രതി പുത്തൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്.