രണ്ട് വർഷത്തോളം താൻ കടുത്ത നാർസിസിസ്റ്റിക് അബ്യൂസിനും മാനസിക-ശാരീരിക ചൂഷണങ്ങൾക്കും ഇരയായിരുന്നു എന്ന നടി അനുപമ പരമേശ്വരന്റെ തുറന്നുപറച്ചിൽ സിനിമാ ലോകത്ത് ചർച്ചയാകുന്നു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലുണ്ടായ കടുത്ത ട്രോമകളെക്കുറിച്ച് വെളിപ്പെടുത്തിയത്. അഭിമുഖത്തിൽ പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ അനുപമ തയ്യാറായില്ല. എന്നാൽ താൻ നേരിട്ട വൈകാരിക ചൂഷണങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് താരം പങ്കുവെച്ചത്. താൻ സാമ്പത്തിക നേട്ടങ്ങൾക്കോ ഉയർന്ന പദവിക്കോ വേണ്ടിയാണ് പ്രണയബന്ധത്തിൽ തുടർന്നതെന്നും ‘പണം കായ്ക്കുന്ന മരത്തിൽ പിടിച്ചു’ എന്നും ആക്ഷേപിക്കുന്നവർക്ക് ശക്തമായ മറുപടിയാണ് അനുപമ നൽകുന്നത്.
ബന്ധം തുടങ്ങിയ ആദ്യ മാസങ്ങളിൽ തന്നെ വിവാഹനിശ്ചയത്തിനായുള്ള കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നും താനാണ് അത് നീട്ടിവച്ചിരുന്നതെന്നും അനുപമ വ്യക്തമാക്കുന്നു. കടുത്ത ഉത്കണ്ഠയും (anxiety) ഭയവും കാരണം ആങ്സൈറ്റി മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും ശരീരഭാരം വളരെയധികം കുറഞ്ഞുവെന്നും അനുപമ ഓർത്തെടുക്കുന്നു. സോഷ്യൽമീഡിയയിൽ തന്റെ അവസ്ഥ പറഞ്ഞുള്ള കുറിപ്പ് പങ്കുവച്ചതിന് ശേഷം സിനിമാ മേഖലയിലുള്ള 12 ഓളം പ്രമുഖർ തന്നെ വിളിച്ച് സമാനമായ അനുഭവങ്ങൾ പങ്കുവച്ചതായും അനുപമ വെളിപ്പെടുത്തി. തുറന്നുപറയാൻ മടിക്കുന്നവർക്ക് ധൈര്യം നൽകാനും, ഇത്തരം ടോക്സിക് ബന്ധങ്ങളിൽ പെട്ടുപോയവരെ ബോധവൽക്കരിക്കാനുമാണ് താൻ ഈ അനുഭവങ്ങൾ തുറന്നുപറയുന്നതെന്നും 90 ശതമാനം നെഗറ്റിവിറ്റി നേരിടേണ്ടി വന്നാലും സത്യത്തിനൊപ്പം നിൽക്കുമെന്നും അനുപമ കൂട്ടിച്ചേർത്തു.