എല്ലുകൾക്ക് ബലമില്ലാതാകുന്നത് പ്രായമാകുന്നതുകൊണ്ടാവാം എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ എല്ലു രോഗവിദഗ്ധർ പറയുന്നത് വളരെ മുൻപേതന്നെ എല്ലുകളുടെ ക്ഷതം ആരംഭിച്ചു കഴിഞ്ഞു എന്നാണ്. ദിവസവും ഉള്ള ചില ശീലങ്ങളാണ് വർഷങ്ങൾ കൊണ്ട് എല്ലുകളുടെ ശക്തി ഇല്ലാതാക്കുന്നത്. ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമാണ് എല്ലുകളുടെ പിണ്ഡം (bone mass) ഏറ്റവും കൂടുതൽ ഉണ്ടാകുന്നത്. അതിനുശേഷം എല്ലുകളുടെ ആരോഗ്യ നിലനിൽക്കുന്നത് പോഷകങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, ജീവിതശൈലി, ഇവയിലൂടെയാണ്. ഈ ഘടകങ്ങളെയെല്ലാം അവഗണിക്കുന്നത് പിന്നീട് ഓസ്റ്റിയോ പോറോസിസിനും എല്ലുകൾക്ക് പൊട്ടൽ ഉണ്ടാകാനും കാരണമാകും. നമ്മൾപോലും അറിയാതെ നമ്മുെട എല്ലുകളെ ദുർബലപ്പെടുത്തുന്ന ചില ശീലങ്ങളെ അറിയാം.
ആവശ്യത്തിന് കാൽസ്യമോ വൈറ്റമിൻ ഡി യോ ലഭിക്കാത്തത്
എല്ലുകളെ ശക്തിപ്പെടുത്താൻ ഏറ്റവും ആവശ്യമായ ധാതുവാണ് കാൽസ്യം. വൈറ്റമിൻ ഡിയാകട്ടെ കാൽസ്യം ഫലപ്രദമായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. പാലുൽപന്നങ്ങൾ വളരെയധികം കുറച്ചു കഴിക്കുന്നതും ഇലക്കറികൾ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ ഇവ കുറച്ചുമാത്രം കഴിക്കുന്നതും സൂര്യപ്രകാശം വളരെ കുറച്ചുമാത്രം കൊള്ളുന്നതും ക്രമേണ എല്ലുകളുടെ സാന്ദ്രത കുറയ്ക്കും. പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫെറസ് ഇവ ആവശ്യത്തിന് ശരീരത്തിലെത്താത്തതും എല്ലുകളുടെ ആരോഗ്യം ഇല്ലാതാക്കും. എല്ലുകളെ ശക്തിപ്പെടുത്തുന്നതിൽ ഈ പോഷകങ്ങൾ പ്രധാന പങ്കു വഹിക്കുന്നു.
2. കൂടുതൽ സമയം ഇരിക്കുന്നത്
എല്ലുകൾ ശക്തിയോടെയിരിക്കാൻ ചലനം ആവശ്യമാണ്. നടത്തം, ജോഗിങ്ങ്, പടികൾ കയറുന്നത്, നൃത്തം ചെയ്യുന്നത് തുടങ്ങിയവ എല്ലുകളുടെ രൂപീകരണത്തിന് സഹായിക്കുകയും ബോൺമാസ്സ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഏറെ നേരം തുടർച്ചയായുള്ള ഇരിപ്പും ചടഞ്ഞുകൂടിയ ജീവിതശൈലിയും എല്ലുകളുെട ആരോഗ്യം ഇല്ലാതാക്കും. തുടർച്ചയായി വിഘടിക്കുകയും പുനർനിർമിക്കപ്പെടുകയും ചെയ്യുന്ന ജീവനുള്ള കലയാണ് എല്ല്. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം മൂലം എല്ലുകളുടെ രൂപീകരണം നടക്കാതാകുകയും എല്ലുകൾ കൂടുതൽ കനം കുറഞ്ഞതും എളുപ്പത്തിൽ പൊട്ടിപ്പോകുന്നതും ആയി മാറുന്നു.
3. പുകവലി, അമിത മദ്യപാനം
എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ് പുകവലിയും അമിത മദ്യപാനവും പുകവലി എല്ലുകളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുകയും എല്ലുകൾ രൂപീകരിക്കുന്ന കോശങ്ങൾക്ക് ക്ഷതം വരുത്തുകയും ചെയ്യും. ഇതുമൂലം ശരീരത്തിന് ആരോഗ്യകരമായ ബോൺ ടിഷ്യു നിലനിർത്താനും കേടുപാടുകൾ പരിഹരിക്കാനും പ്രയാസം ഉണ്ടാകുന്നു. അമിത മദ്യപാനമാകട്ടെ കാൽസ്യത്തിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും വൈറ്റമിൻ ഡിയുടെ ഉപാപചയപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. എല്ലുകളുടെ ശക്തിക്ക് കാൽസ്യത്തിന്റെ ആഗിരണവും വൈറ്റമിൻ സിയുടെ ഉപാപചയപ്രവർത്തനവും ആവശ്യമാണ്.
സംസ്ക്കരിച്ച ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ
പോഷകസമ്പുഷ്ടമായ ഭക്ഷണത്തിന് പകരം പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും മധുരം കൂടിയ സോഫ്റ്റ് ഡ്രിങ്കുകളും കഴിക്കുന്നത് എല്ലുകളുെട ആരോഗ്യം ഇല്ലാതാക്കും. ഈ ഭക്ഷണങ്ങൾക്ക് യാതൊരു പോഷകഗുണവുമില്ല. ഉപ്പ് കൂടുതലടങ്ങിയ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതു വഴി മൂത്രത്തിലൂടെ കാൽസ്യം നഷ്ടപ്പെടാനും ഇടയാക്കും. ഇത് എല്ലുകളെ ക്രമേണ ദുർബലപ്പെടുത്തും.