തൃശൂർ :വിധി പ്രകാരം 1,65,000 രൂപ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ കുറിക്കമ്പനി ചെയർമാന് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ അയ്യന്തോൾ സ്വദേശി ചാലിശ്ശേരി കാളത്തോട്ടുകാരൻ വീട്ടിൽ സോജു ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒളരിക്കരയിലുള്ള ഒളരി ലിറ്റിൽ ഫ്ലവർ കറീസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്.
കുറി കളിലെ ബോണസ് തുക നൽകാതിരുന്നതിനെത്തുടന്ന് സോജു ഫയൽ ചെയ്ത ഹർജിയിൽ 1,50,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ കല്പിച്ച് വിധിയായിരുന്നു. ഒരു മാസത്തിനുള്ളിൽ സംഖ്യ നൽകണമെന്നായിരുന്നു തീർപ്പ്. എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഉപഭോക്തൃ നിയമ പ്രകാരം ഹർജി ഫയൽ ചെയ്യുകയായിരുന്നു.
ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.വിധി പാലിക്കാതിരുന്നതിന് മുന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാനും ഒരു ലക്ഷം രൂപ പിഴ വിധിക്കുവാനും ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി