വിജയ്ക്ക് ആശ്വാസം: കരൂർ ദുരന്തബാധിതർക്ക് ജോലിനൽകിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി: തമിഴ്നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിനൽകാനുള്ള തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസുമാരായ ജെ ബി പർദിവാലയും കെ വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

2024 സെപ്റ്റംബർ 27നാണ് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ‌ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതേതുടർന്നാണ് മരിച്ച 41 പേരുടെ കുടുംബങ്ങളെ സഹായിക്കാൻ കുടുംബാംഗങ്ങൾക്ക് ജോലിനൽകാൻ തീരുമാനിച്ചത്. തുടർന്ന് ജൂലായ് 10ന് 31 പേർക്ക് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമന ഉത്തരവുകൾ കൈമാറിയിരുന്നു.

എന്നാൽ ഇത് ഭരണഘടനയിലെ 14,16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ജൂലായ് 27ന് നിയമനം റദ്ദാക്കുകയായിരുന്നു. തുടർന്നാണ് തമിഴ്നാട് സർക്കാർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

വിഷയത്തിൽ തമിഴ്നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെ നിയമന ഉത്തരവിനെതിരെ പൊതുതാൽപ്പര്യ ഹർജി നൽകിയ വ്യക്തിക്കെതിരെ രൂക്ഷവിമർശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങളാാരാണ് എന്ന് ചോദിച്ച കോടതി കുടുംബത്തിലെ ഏക വരുമാനമാർഗം നഷ്ടപ്പെട്ടവർക്ക് സർക്കാർ ജോലി നൽകേണ്ടതല്ലേയെന്നും ആരാഞ്ഞു. ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിൽ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് സുപ്രീംകോടതി നോട്ടീസും അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *