ന്യൂഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായവരിൽ കേരളത്തിൽ നിന്നുള്ള പതിനൊന്ന് പേർ. 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലുകൾ പ്രഖ്യാപിച്ചത്.
വിജിലൻസ് എസ് പി എസ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. ഐജി രാജ്‌പാൽ മീണ, എസ് പി ബിനു രാമകൃഷ്‌ണപിള്ള എന്നിവർക്ക് സ്‌തുത്യർഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫയർഫോഴ്‌സിൽ രാജേന്ദ്രൻ നായർ, സെബാസ്റ്റ്യൻ ജോസഫ്, ജയിൽ സർവീസിൽ നിന്ന് സുനിൽ കുമാർ, മോഹൻ ദാസ്, ഡിവൈഎസ്‌പി ആർ രവികുമാർ, എസ് പി ഉജ്ജ്വൽ കുമാർ, സബ് ഇൻസ്‌പെക്‌ടർ ജ്യോതിഷ് കുമാർ എസ് എൽ, ഡിവൈഎസ്‌പി സുരേഷ് ബാബു എന്നിവരും രാഷ്ട്രപതിയുടെ മെഡലിനർഹരായി. മെഡലുകൾ നാളെ സമ്മാനിക്കും.
അതേസമയം, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിച്ചില്ല. പട്ടികയിലെ പരിശോധന പൂർത്തിയാക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്നായിരുന്നു പൊലീസ് മെഡലുകൾ പ്രഖ്യാപിക്കേണ്ടിയിരുന്നത്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായാണ് കണ്ടെത്തൽ.
മാർച്ച് മാസത്തിൽ തന്നെ പൊലീസ് ആസ്ഥാനത്ത് നിന്നും മെഡലുകൾക്ക് അർഹരായവരുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ, സമയബന്ധിതമായി പട്ടികയിൽ പരിശോധന പൂർത്തിയായില്ല. പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചുവെന്നും പിന്നീട് നടപടി ഉണ്ടായില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. പട്ടിക അംഗീകരിക്കാൻ ആഭ്യന്തര സെക്രട്ടറി ഈ മാസം 20ന് യോഗം ചേരുമെന്നും വിവരമുണ്ട്.