സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിന് ആശ്വാസം; മാനനഷ്‌ടക്കേസ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: വിഡി സവർക്കർക്കെതിരായ പരാമർശത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി. ലക്‌നൗ മജിസ്‌ട്രേറ്റ് കോടതി രാഹുൽഗാന്ധിക്കെതിരെയെടുത്ത മാനനഷ്‌ടക്കേസും സമൻസുമാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസിൽ രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തർപ്രദേശ് സർക്കാ‌ർ അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദീപാങ്കൽ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെ‌ഞ്ചാണ് കേസ് പരിഗണിച്ചത്.

‘രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതായി ഉത്തർപ്രദേശ് സർക്കാരിന്റെ സത്യവാങ്‌മൂലത്തിൽ പറയുന്നില്ല. അതിനാൽ രാഹുൽ ഗാന്ധിക്കെതിരായ പരാതിയും മജിസ്‌ട്രേറ്റിന്റെ ഉത്തരവും റദ്ദാക്കുന്നു’- സുപ്രീംകോടതി വ്യക്തമാക്കി.

2022ൽ മഹാരാഷ്‌ട്രയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ച് പരാമർശം നടത്തിയത്. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നെന്നും അവരിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നെന്നും രാഹുൽ പറഞ്ഞെന്ന് ആരോപിച്ചാണ് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ ലക്‌നൗ കോടതിയിൽ പരാതി നൽകിയത്. തുടർന്നാണ് മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചത്. ഇതിനെതിരെ രാഹുൽഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2024 ഏപ്രിൽ നാലിന് ഹൈക്കോടതി കേസ് തള്ളിക്കളഞ്ഞു.

രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ അലഹബാദ് ഹൈക്കോടതി അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യ സമരസേനാനികളെ ഇത്തരത്തിൽ തള്ളിക്കളയരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. തുടർന്നാണ് രാഹുൽഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *