സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക: സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ വികാസം ഉറപ്പാക്കി സാമൂഹിക സേവനത്തിന് അവരെ പ്രാപ്തരാക്കുന്ന കേരള പൊലീസിൻ്റെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ. എസ്.പി.സിയുടെ പതിനാറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന കേഡറ്റുകളുടെ സെറിമോണിയൽ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹം കേക്ക് മുറിച്ച് എസ്.പി.സി ദിനാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. കേഡറ്റുകൾ വർണ ബലൂണുകൾ ആകാശത്തേക്ക് പറത്തി. ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷം എസ്.പി.സി ദിനം ആചരിക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാനത്തൊട്ടാകെ ‘തൂഫാൻ വാരമായി’ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരേഡിൽ അണിനിരന്ന കേഡറ്റുകൾ ‘തൂഫാൻ വാരിയർ’ ബാഡ്ജുകൾ ധരിച്ചാണ് എത്തിയത്. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറും സാമ്പത്തിക കുറ്റകൃത്യവിഭാഗം ഐ.ജിയുമായ അജിത ബീഗം കേഡറ്റുകൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരേഡിലെ മികച്ച പ്രകടനത്തിന് കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ എം.ആർ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. പട്ടം ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടൺഹിൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പ്ലാറ്റൂണുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹോപ്പ് പദ്ധതിയുടെ മികച്ച ജില്ലയ്ക്കുള്ള പുരസ്കാരം ജില്ലാ നോഡൽ ഓഫീസറും പൊലീസ് സൂപ്രണ്ടുമായ എസ്. ഷംസുദീനും മികച്ച അസിസ്റ്റൻ്റ് നോഡൽ ഓഫീസർക്കുള്ള പുരസ്കാരം കോഴിക്കോട് സിറ്റി കോർഡിനേറ്റർ വി. ഫിറോസും ഏറ്റുവാങ്ങി. മികച്ച എസ്.പി.സി ജില്ലാ നോഡൽ ഓഫീസറായി കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റിലെ പൊലീസ് സൂപ്രണ്ട് എ.ആർ ഷനിഹാനെയും അസിസ്റ്റൻ്റ് നോഡൽ ഓഫീസറായി കൊല്ലം റൂറൽ ഡി.സി.ആർ.ബിയിലെ കെ.എസ് വിജയകുമാറിനെയും തെരഞ്ഞെടുത്തു. ബാലവേല വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ കൊല്ലം കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി അസ്മിൻ മുഹമ്മദ് പുരസ്കാരം നേടി. ചടങ്ങിൽ കെ.പി.എച്ച്.സി.സി എം.ഡിയും എ.ഡി.ജി.പിയുമായ ഗുഗുലോത്ത് ലക്ഷ്മൺ, ഇൻ്റലിജൻസ് എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ അധിക ചുമതല വഹിക്കുന്ന ഐ.ജി ഹർഷിത അട്ടല്ലൂരി തുടങ്ങിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *