അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത്- ഡോ. മോഹനന്‍ കുന്നുമ്മല്‍

നെയ്യാറ്റിൻകര:അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതെന്ന് കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു. ഭാരതം അമ്മയായതിനാലാണ് നാം ഭാരതാംബയെന്ന് വളിക്കുന്നതും വന്ദേമാതരം ആലപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് കുന്നത്തുകാൽ മണിവിളയിലെ ഗോൾഡൻ പാലസിൽ സംഘടിപ്പിച്ച ‘സങ്കൽപ്പ് യുവസംഗമം’ എന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിന് മുൻപിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു വിസിയുടെ വിവാദ പ്രസംഗം. അമ്മ ആരെന്ന് അറിയാവുന്നവർ വന്ദേമാതരം എന്ന് എപ്പോഴും പറയും. യുവതലമുറയുടെ തൊഴിൽ സങ്കൽപ്പങ്ങളെക്കുറിച്ചും പി.എസ്‌.സി പരീക്ഷകളെക്കുറിച്ചും പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. പഠിച്ച് ബിരുദം നേടിയ ശേഷം എല്ലാവരും പിഎസ്‌സി പരീക്ഷകൾക്ക് പിന്നാലെ പായുന്ന പ്രവണത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.യുവാക്കളെ മികവുറ്റ പൌരന്മായി വളർത്തേണ്ട ചുമതല നമുക്കുണ്ട്. നിങ്ങൾ എന്താണ് പഠിക്കേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം. പിഎസ്‌സി പരീക്ഷ എഴുതി ജോലി കിട്ടണമെങ്കിൽ വേറെ കുറച്ചു കാര്യങ്ങൾ കൂടി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും, അത്തരം ആശ്രിത മനോഭാവം ഉപേക്ഷിച്ച് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ യുവാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.മുൻ കിംസ് ഹെൽത് മേധാവിയും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിളിറ്റി ഹെഡുമായ രശ്മി ഐഷ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *