വിഴിഞ്ഞം വഴി ലോകവിപണിയിലേക്ക്

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായാണു പദ്ധതി കണക്കാക്കപ്പെടുന്നത്. നാളെ രാവിലെ 10.45നു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് വികസന പദ്ധതിയായ മിഷൻ സമുദ്രയും സംസ്ഥാന സർക്കാർ ചടങ്ങിൽ പ്രഖ്യാപിക്കും. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്നു പുതിയ നഗരങ്ങൾ, കേരളത്തിന്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ വിഴിഞ്ഞം മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീർക്കുന്ന ‘സ്മാർട്ട് സിറ്റി’ എന്ന കാഴ്ചപ്പാടിലാണു മിഷൻ സമുദ്ര വിഭാവനം ചെയ്തിരിക്കുന്നത്. തുറമുഖങ്ങളും കണക്റ്റിവിറ്റിയും, ലോജിസ്റ്റിക്സ് വികസനം, ക്ലസ്റ്ററുകളും നഗരങ്ങളും എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 400 കോടി രൂപയുടെ ഉത്തേജക ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *