കുറവിലങ്ങാട് ∙ ഓണത്തിന് ഇല ഇടാറായിട്ടില്ല. പക്ഷേ അതിർത്തി കടന്ന് വാഴയില എത്തിത്തുടങ്ങി.ഇത്തവണ വില കൂടുതൽ. അത്തം എത്തിയപ്പോൾ തന്നെ ഒരു തൂശനില വില 6 രൂപയിൽ എത്തി. തിരുവോണമാകുമ്പോൾ അതു 10 രൂപയ്ക്കു മുകളിൽ എത്തുമെന്ന് ഉറപ്പ്.
- ഓണസദ്യ കഴിക്കുന്നത് മലയാളി ആണെങ്കിലും ഇല എത്തുന്നത് തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം വരെ തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം എന്നിവിടങ്ങളിൽനിന്നാണ് വാഴയിലകൾ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നും എത്തുന്നു. അതിർത്തി കടന്നെത്തുന്ന ഇലയുടെ ഗുണനിലവാരം കുറവ്. കമ്പം ഭാഗത്തുനിന്നു വൻതോതിൽ ഇലകൾ വിദേശത്തേക്കു കയറ്റിയയ്ക്കുന്നുണ്ട്. ഇലയുണ്ടെങ്കിൽ വില നൽകി എടുക്കാൻ തയാറാണെന്നു കമ്പത്തെ മൊത്ത വ്യാപാരികൾ കേരളത്തിലെ കേറ്ററിങ് യൂണിറ്റുകളെ അറിയിച്ചിട്ടുണ്ട്.
- 10 ഇല വാങ്ങിയാൽ ആറെണ്ണം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. ബാക്കി കീറിപ്പോയ അവസ്ഥയിലായിരിക്കും. ഇല നന്നായി തുടച്ച ശേഷം വേണം സദ്യ വിളമ്പാൻ. പക്ഷേ തുടച്ചുവൃത്തിയാക്കുമ്പോൾ പല ഇലകളും ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാകും.
- തമിഴ്നാട്ടിൽ നിന്നുള്ള ഇലയുടെ വരവ് ഇത്തവണ കുറഞ്ഞു.കനത്ത മഴയിൽ വാഴക്കൃഷി നശിച്ചതാണ് തമിഴ്നാട്ടിൽ നിന്നുള്ള വാഴയിലയുടെ വരവ് ഇല്ലാതാക്കിയത്. കേരളത്തിൽനിന്നു നാമമാത്രമായാണ് വാഴയില എത്തുന്നതെന്നും വ്യാപാരികൾ പറയുന്നു. പ്രധാനമായും പെരുമ്പാവൂർ, പിറവം, തിരുവാണിയൂർ മേഖലയിൽനിന്നാണ് വാഴയിലയുടെ വരവ്.
- തമിഴ്നാട്ടിൽ നിന്നു വരുന്ന നല്ല നിറവും വീതിയുമുള്ള തേൻ വാഴയിലയ്ക്കാണ് വില കൂടുതൽ. ഞാലിപ്പൂവൻ വാഴയുടെ ഇലയാണ് പ്രധാനമായും സദ്യയ്ക്ക് ഉപയോഗിക്കുന്നത്. കണ്ണൻ, പാളയംകോടൻ ഇലകൾക്കും നല്ല ഡിമാൻഡാണ്. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണാഘോഷം നടക്കുന്നതിനാൽ ഇലയ്ക്ക് ആവശ്യക്കാരേറെ. കോട്ടയം ജില്ലയിൽ മാത്രം ഓണക്കാലത്തു ലക്ഷക്കണക്കിന് ഇലകളാണ് ആവശ്യമായി വരുന്നത്.
- കേരളത്തിലെ വിപണിയിലേക്കു വാഴയില കയറ്റി അയയ്ക്കാൻ വേണ്ടി മാത്രം കൃഷി ചെയ്യുന്ന ഒട്ടേറെ കർഷകർ തമിഴ്‌നാട്ടിലുണ്ട്. ഒരു ദിവസം എത്ര വാഴയില അതിർത്തി കടന്നെത്തുന്നുവെന്നതിന് കൃത്യമായ കണക്കില്ല.
- അതിർത്തി കടന്നെത്തുന്ന ഇലകളിൽ 60 മുതൽ 70 ശതമാനം വരയേ ഉപയോഗിക്കാൻ സാധിക്കൂ. ബാക്കി കീറിപ്പോകും. ഇതു വൻ നഷ്ടമാണുണ്ടാക്കുന്നത്. നിലവിൽ 6 രൂപയാണ് വിലയെങ്കിലും ഏകദേശം പകുതി ഇല നഷ്ടപ്പെടുന്നതിനാൽ വില 10 രൂപയ്ക്കു മുകളിൽ എത്തും.