വായിലെ അര്‍ബുദത്തിന്റെ പ്രാരംഭ സാധ്യതകള്‍ ബയോപ്‌സി ഇല്ലാതെ തന്നെ നേരത്തെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി ഇന്‍ഡോറിലെ ഗവേഷകര്‍. ഉമിനീരും വായുടെ ഉള്‍ഭാഗത്ത് നിന്നെടുക്കുന്ന സ്വാബും ഉപയോഗിച്ച് അര്‍ബുദം തിരിച്ചറിയാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് കാന്‍സറില്‍ ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഈ കണ്ടെത്തലിന് പേറ്റന്റ് എടുക്കുന്നതിനുള്ള അപേക്ഷയും ഗവേഷകര്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഐഐടി ഇന്‍ഡോര്‍ പ്രഫസര്‍ ഹേം ചന്ദ്ര ഝായുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. വായില്‍ അര്‍ബുദമുണ്ടെന്ന് സംശയിക്കുന്ന ഭാഗത്ത് നിന്ന് കോശങ്ങള്‍ എടുത്ത് ബയോപ്‌സിക്ക് അയക്കുന്ന നിലവിലെ രീതി വേദനയുണ്ടാക്കുന്നതാണ്. ഇത് ആവര്‍ത്തിക്കുന്നതും പ്രായോഗികമല്ല.
വേദനയില്ലാത്ത പുതുസാങ്കേതിക വിദ്യ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും അര്‍ബുദം കണ്ടെത്താന്‍ സഹായിക്കും. അര്‍ബുദ നിര്‍ണ്ണയ സൗകര്യങ്ങള്‍ പരിമിതമായ ഗ്രാമപ്രദേശങ്ങളിലും വിദൂരപ്രദേശങ്ങളിലും ഇത് ഉപയോഗപ്പെടുത്താനാകും. ഓറല്‍ സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, ഓറല്‍ സബ്‌മ്യൂകോസ് ഫൈബ്രോസിസ് എന്നീ രണ്ട് വിധത്തിലുള്ള അര്‍ബുദങ്ങളില്‍ ഊന്നിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ആരോഗ്യമുള്ള വ്യക്തികളുടെയും അര്‍ബുദ രോഗികളുടെയും സാംപിളുകള്‍ ഗവേഷണത്തിന് ശേഖരിച്ചു. ഈ സാംപിളുകളിലെ തന്മാത്രാപരമായ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ ലിക്വിഡ് ക്രൊമാറ്റോഗ്രാഫി, മാസ് സ്‌പെക്ട്രോമെട്രി എന്നീ ലാബ് സങ്കേതങ്ങള്‍ ഗവേഷകര്‍ ഉപയോഗപ്പെടുത്തി.
രോഗം നഗ്നനേത്രങ്ങള്‍ക്ക് പ്രകടമാകും മുന്‍പ് തന്നെ അര്‍ബുദവുമായി ബന്ധപ്പെട്ട ചില തന്മാത്രാപരമായ മാറ്റങ്ങള്‍ ദൃശ്യമായതായി ഗവേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വായില്‍ നടക്കുന്ന പലവിധ പ്രക്രിയകളുടെ രാസപരമായ സന്ദേശങ്ങള്‍ ഉമിനീരിലുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വായുടെ ഉള്‍ഭാഗത്ത് നിന്നുള്ള സ്വാബിലൂടെ അര്‍ബുദവുമായി ബന്ധപ്പെട്ട കോശങ്ങളും പ്രോട്ടീനുകളും നേരിട്ടെടുക്കാനും സാധിക്കും. ഈ രണ്ട് വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ അര്‍ബുദത്തിനെ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാനാകുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. എന്നാല്‍ ഈ സാങ്കേതികവിദ്യ നിലവിലെ രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ക്ക് പകരം വയ്‌ക്കാവുന്ന നിലയിലേക്ക് ഇനിയും വികസിപ്പിച്ചിട്ടില്ലെന്നും കൂടുതല്‍ വ്യാപകമായ പഠനനിരീക്ഷണങ്ങള്‍ ഇതിന് ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.