മുംബൈ ∙ പ്രശസ്ത നടി അനന്യ രാജ് (27) അന്തരിച്ചു. ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. കഴിഞ്ഞ ജൂലൈ 15-ന് ഉറക്കത്തിനിടെ അനന്യ രാജ് അന്തരിച്ചുവെന്നാണ് കുടുംബം സ്ഥിരീകരിച്ചത്. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിനു ശേഷമാണ് കുടുംബം ഇൻസ്റ്റഗ്രാമിലൂടെ വിവരം പുറംലോകത്തെ അറിയിച്ചത്. ഹൃദയഭേദകമായ വാർത്ത പങ്കുവയ്ക്കുന്നു എന്നെഴുതിയതിനു ശേഷമാണ് കുടുംബം നടിയുടെ മരണവിവരം പുറത്തുവിട്ടത്.”ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15-ന് പുലർച്ചെ അനന്യ മരിച്ചുവെന്ന് വളരെ വേദനയോടെ ഞങ്ങൾ അറിയിക്കുന്നു. ഉറക്കത്തിൽ സമാധാനപരമായി അന്തരിച്ചു. ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി.” ഇൻസ്റ്റഗ്രാമിലെ സന്ദേശത്തിൽ കുടുംബം എഴുതി. അനന്യയുടെ ആത്മാവിനായി പ്രാർഥിക്കണമെന്നും കുടുംബം സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിൽ വളർന്ന അനന്യ സംഗീത വിഡിയോകളിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. 2016 ൽ പുറത്തിറങ്ങിയ ‘7 അവേഴ്‌സ് ടു ഗോ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവച്ചു, തുടർന്ന് ‘ദി ഫൈനൽ എക്സിറ്റ്’ (2017), ‘ഗോസ്റ്റ്’ (2019) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദി സിനിമയ്ക്ക് പുറമേ തെലുങ്കിലും അനന്യ അഭിനയിച്ചിട്ടുണ്ട്.