കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, അനില്‍ ആന്റണിയും തല്‍സ്ഥാനത്ത് തുടരും; എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയും മുന്നില്‍ക്കണ്ട് ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹി നിരയെ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കിയ പട്ടികയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. കേരളത്തില്‍ നിന്നുള്ള യുവനേതാവ് അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തല്‍സ്ഥാനത്ത് തുടരും. അതേസമയം, മലയാളി നേതാവായ എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവാണ് പുതിയ ഉപാധ്യക്ഷന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഓര്‍ഗനൈസേഷനിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ് അഴിച്ചുപണിയിലെ പ്രധാന ആകര്‍ഷണം. സ്മൃതി ഇറാനിയെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ദേശീയ ഭാരവാഹി പട്ടികയില്‍ പ്രധാന ചുമതലകളോടെ തിരിച്ചെത്തിയിട്ടുണ്ട്. സംഘടയില്‍ വൈസ് പ്രസിഡന്റ് പദവിയാണ് വസുന്ധരക്ക് നല്‍കിയത്. സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി ബി.എല്‍. സന്തോഷ് തന്നെ തുടരുമ്പോള്‍ സൗദാന്‍ സിങ്, ശിവപ്രകാശ് എന്നിവര്‍ ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കും.

കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന കെ. സുരേന്ദ്രന് ദേശീയ തലത്തിലേക്ക് പ്രമോഷന്‍ നല്‍കിയപ്പോള്‍, എ.ഐ.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ മുന്‍ മേധാവിയും ബി.ജെ.പി ദേശീയ വക്താവുമായ അനില്‍ ആന്റണിയെ ദേശീയ സെക്രട്ടറിയായി നിലനിര്‍ത്തി. കെ സുരേന്ദ്രന് പ്രവര്‍ത്തന പാരമ്പര്യം വെച്ച് ജനറല്‍ സെക്രട്ടറി പദവിയെങ്കിലും ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍, ആ പ്രതീക്ഷ വെറുതേയായി. ദേശീയ സെക്രട്ടറിമാരില്‍ ഒരാളായാണ് ഇനി സുരേന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *