സ്വകാര്യ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു

ബംഗളൂരു: സ്വകാര്യ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തുമകുരു സ്വദേശി ഡ്രൈവർ ഗുരുപ്രസാദ്((35) ബംഗളൂരു ആർ.ആർ. നഗർ സ്വദേശി ക്ലീന‌ർ ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിത്രദുര്‍ഗയിലെ ഹിരിയൂർ താലൂക്കിലെ ഐമംഗലക്ക് സമീപം ദേശീയപാതയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടം. 15 പേർക്ക് പേർക്ക് പരിക്കേറ്റു. 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ബന്നാർഘട്ട റോഡിലെ അരെക്കെരെയിലുള്ള സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

ബസ് നിയന്ത്രണംവിട്ട് റോഡരികിലെ അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ആഗസ്റ്റ് 16 ന് ഗോവയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ ഗോവയിൽനിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ചിത്രദുർഗ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ചിത്രദുർഗ പൊലീസ് സൂപ്രണ്ട് രഞ്ജിത്ത് കുമാർ ബന്ദാരു സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സംഭവത്തില്‍ ഐമംഗല പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *