ന്യൂജേഴ്‌സി : ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ.യുണ്ടായ കൈയാങ്കളിയിൽ അർജന്റീനിയൻ ടീമിനെതിരെ കടുത്ത നടപടിയുമായി ഫിഫ. സംഭവത്തിൽ നടത്തിയ അന്വേഷണത്തിനെ തുടർന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷന് 3.21 ലക്ഷം ഡോളർ (2.9 കോടി രൂപ) പിഴ ചുമത്തി. കൂടാതെ അർജന്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളിൽ സ്റ്റേഡിയത്തിലെ സീറ്റുകളുടെ 50 ശതമാനം മാത്രമേ ആരാധകർക്ക് അനുവദിക്കൂ.
താരങ്ങൾക്കെതിരെയും കടുത്ത ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ലിയാൻഡോ പരേഡസിന് 10 മത്സരങ്ങളിൽ വിലക്കും 90,000 ഡോളർ (ഏകദേശം 86 ലക്ഷം രൂപ) പിഴയും ശിക്ഷ വിധിച്ചു. നഹുവൽ മോളിനയ്ക്ക് 7 മത്സരങ്ങളിൽ വിലക്കും 90, 000 ഡോളർ പിഴയുമാണ് ശിക്ഷ, അർജന്റീനയുടെ തിയാഗോ അൽമാഡയ്ക്ക് ഒരു മത്സരത്തിൽ വിലക്കും അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാളയ്ക്ക് മൂന്നുമത്സര വിലക്കും ലഭിച്ചു. സ്പെയിനിന്റെ ഗാവിക്കും ഒരുമത്സരത്തിൽ വിലക്കുണ്ട്.
ഫൈനൽ മത്സരത്തിന് ശേഷം അർജന്റീനിയൻ താരം ലിയാൻഡ്രോ പരേഡസ് സ്പെയിൻ താരം എറ്ക് ഗാർസിയയെ കഴുത്തിന് പിടിച്ചതടക്കം വൻ സംഘർഷമാണ് അരങ്ങേറിയത്. അർജന്റീന
ടീമും ആരാധകരും ഫിഫയുടെ അച്ചടക്കച്ചട്ടം ലംഘിച്ചതായി ഫിഫ വ്യക്തമാക്കി. അർജന്റീന ആരാധകരുടെ വിവേചനപരമായ മുദ്രാവാക്യങ്ങളും ആംഗ്യങ്ങളുമാണ് വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാൻ കാരണമായതെന്നും പിഫ അറിയിച്ചു.