പ്രധാനാധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടി മരിച്ചു

ജമ്മു∙ കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ചു ഗർഭിണിയാക്കി. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് വിധേയയാക്കിയതിനെ തുടർന്ന്  പെൺകുട്ടി മരിച്ചു.ഏഴു മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. ഇതേത്തുടർന്ന് ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനും പ്രസവത്തിനുമായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കിഷ്ത്വാർ എസ്എസ്പി നരേഷ് സിങ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു.

രണ്ടാഴ്ച മുൻപ് വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം വ്യക്തമായതെന്ന് പ്രാദേശിക ആദിവാസി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന്, പെൺകുട്ടി പ്രധാനാധ്യാപകന്റെ പേര് മാതാപിതാക്കളോട് വെളിപ്പെടുത്തി. പ്രധാനാധ്യാപകനെ വിളിച്ചു വരുത്തിയപ്പോൾ ഇയാൾ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തു. വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും ആദിവാസി നേതാവ് പറഞ്ഞു.

അപമാനം ഭയന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചില്ല. ബുധനാഴ്ച പ്രതിയും സഹോദരനും പെൺകുട്ടിയുടെ വീട്ടിലെത്തി ഗർഭച്ഛിദ്രത്തിനായി കിഷ്ത്വാറിലെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ പിതാവും അമ്മാവനും ഇവരുടെ ഒപ്പം പോയി. ഗർഭച്ഛിദ്രത്തിനിടയിൽ പെൺകുട്ടിയുടെ നില വഷളായി. തുടർന്ന് പ്രതിയും സഹോദരനും ചേർന്ന് പെൺകുട്ടിയെ ജമ്മുവിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ പെൺകുട്ടി മരിച്ചു.പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് എത്തിക്കാൻ പ്രതികൾ ഒരു സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി. മൃതദേഹങ്ങൾ എത്തിയതോടെ ഗ്രാമവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *