കേന്ദ്രസർക്കാർ വാക്ക് പാലിച്ചില്ല; വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഇന്ത്യാ ഗേറ്റിൽ നിന്ന് സെപ്‌തംബർ അഞ്ചിന് മാർച്ച് നടത്താനാണ് തീരുമാനം. ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച് നടത്തുന്നത്. ഇന്നുച്ചക്ക് ചേർന്ന സിജെപി യോഗത്തിന് പിന്നാലെയാണ് തീരുമാനം.

ജന്തർ മന്ദറിലെ സിജെപി പ്രതിഷേധം അവസാനിപ്പിക്കാനായി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും പ്രതിഷേധസമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ എഫ്‌ഐആറുകൾ റദ്ദാക്കുക, നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നതായിരുന്നു സിജെപി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങളും മാർച്ചിൽ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്.

അതേസമയം അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ പ്രവേശിച്ച് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് തടസപ്പെടുത്തുകയും ചെയ്തുവെന്ന പേരിൽ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്ക്കും അഞ്ച് പേർക്കുമെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലായിരുന്നു സംഭവം നടന്നത്.

സ്‌കൂൾ ഠീക് കരോ’ (സ്‌കൂളുകൾ ശരിയാക്കുക) ക്യാമ്പയിന്റെ ഭാഗമായി സർക്കാർ സ്‌കൂളുകൾ സന്ദർശിക്കുന്നതിനിടെയാണ് ദീപ്‌കെ വിവാദത്തിലായത്. ലാത്തൂരില ഒരു സർക്കാർ സ്‌കൂളിൽ അനുമതിയില്ലാതെ അകത്ത് കടന്ന സംഘം അദ്ധ്യാപകരുമായി തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തെ തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *