തിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് നടപടി. ഒന്നാം പ്രതി നിതിൻരാജ്, 16ാം പ്രതി ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാറാണ് കോടതിയിൽ അപേക്ഷ നൽകിയത്.
പ്രതികൾ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും അധികാര പരിധി ലംഘിച്ച് പൊലീസ് സ്റ്റേഷനുകളുടെ ഭാഗമായ സ്ഥലങ്ങളിൽ എത്തിയെന്നും സാക്ഷികളെയോ സാക്ഷികളെ സ്വാധീനീക്കാൻ പറ്റുന്നവരുമായോ അടുത്ത ബന്ധമുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്ന് അപേക്ഷയിൽ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചസംഭവിച്ചെന്ന് കാട്ടി സിറ്റി പൊലീസ് കമ്മിഷണർ ഉന്നതോദ്യോഗസ്ഥർക്ക് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്‌റ്റേഷനിലെത്തി ഒപ്പിട്ട ശേഷം പ്രതികളെ അപ്പോൾതന്നെ പറഞ്ഞുവിടുന്നതിൽ എസ്.എച്ച്.ഒയ്ക്കും മറ്റ് പൊലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നു. സ്‌റ്റേഷനിൽ ഓണം ആഘോഷിക്കാൻ ഒരുക്കിയിരുന്ന ഊഞ്ഞാൽ, ചെണ്ട എന്നിവ പ്രതികൾ ഉപയോഗിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ഇതു തടയാനായില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുൾ ബി.കൃഷ്ണ ദക്ഷിണമേഖലാ ഐ.ജിക്ക് കൈമാറി.
ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രതികൾക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിരുന്നു.